കുഞ്ഞുകുഞ്ഞ് സമ്പാദ്യങ്ങള്‍ കൂട്ടിവെച്ചപ്പോള്‍ യാഥാര്‍ത്യമായത് സഹപാഠിക്കൊരു സ്‌നേഹസദനം , അമ്പിളിക്കിത് കൂട്ടുകാര്‍ കാത്തുവെച്ച പുതുവത്സരസമ്മാനം

single-img
2 January 2015
unnasmedഎല്ലാവരും ഒരേമനസ്സോടെ ഒന്നിച്ചപ്പോള്‍ ഒരു സ്വപ്നം ഇവിടെ യാഥാര്‍ത്യമാകുകയായിരുന്നു. ‘തല ചായ്ക്കാന്‍ എനിക്കുമൊരു വീട്’ അമ്പിളി എന്ന പെണ്‍കുട്ടി മനസ്സില്‍ കണ്ട ഈ സ്വപ്നം എല്ലാവരും ചേര്‍ന്ന് സാക്ഷാല്‍കരിക്കുകയും ചെയ്തു. പ്രാരാബ്ദങ്ങളോട് പടവെട്ടി അക്ഷരവെളിച്ചം തേടി ചങ്ങനാശേരി
ചെത്തിപ്പുഴ സെന്റ് തോമസ് കോളേജ് ഓഫ് അലൈഡ് സയന്‍സിലെത്തിയ വാഴപ്പള്ളി കിഴക്കുംഭാഗം വാളംപറമ്പില്‍ അമ്പിളി ശിവനെ ഈ പുതുവര്‍ഷം സ്വാഗതം ചെയ്യുന്നത് പുതിയ വീട്ടിലേക്കാണ്.
ചെത്തിപ്പുഴ സെന്റ് തോമസ് കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസിന്റെ ദശവത്സര ആഘോഷങ്ങളോടനുബന്ധിച്ചാണ് അമ്പിളിക്ക് കൂട്ടുകാരും അധ്യാപകരും ചേര്‍ന്ന് വീട് പണിത് നല്‍കിയത്. കോളേജിലെ മൂന്നാം വര്‍ഷ ബി.എസ്.സി എം.എല്‍.ടി വിദ്യാര്‍ത്ഥിയാണ് അമ്പിളി. കൂട്ടുകാര്‍ ക്ലാസില്‍ കുടുക്കവെച്ച് ശേഖരിച്ച സമ്പാദ്യങ്ങളും നറുക്കെടുപ്പിലൂടെയും ഭക്ഷ്യമേള നടത്തിയും നേടിയ ലാഭവും കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും അധ്യാപകരും സെന്റ് തോമസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എന്നിവരില്‍ നിന്നും ലഭിച്ച സംഭാവനകളും ചേര്‍ത്തുവെച്ചാണ് സ്വ്പനഭവനം യാഥാര്‍ത്യമാക്കിയത്.
ഏഴ് ലക്ഷം രൂപ ചിലവഴിച്ചാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പുറമേ നാട്ടുകാരും വീടിന്റെ നിര്‍മ്മാണത്തില്‍ സഹകരിച്ചു. കോളേജ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ വീടിന്റെ താക്കോല്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തില്‍ നിന്നും അമ്പിളി ഏറ്റുവാങ്ങും.