എയര്‍ ഏഷ്യ വിമാനം അനുവദിക്കപ്പെട്ടതിനെക്കാള്‍ വേഗത്തില്‍ ഉയരത്തിലേക്കു പറന്നുവെന്ന് നിഗമനം

single-img
1 January 2015

love noteജക്കാര്‍ത്ത: കടലിലേക്ക് തകര്‍ന്നുവീഴുന്നതിന് മുൻപ് എയര്‍ ഏഷ്യ 8501 വിമാനം അനുവദിക്കപ്പെട്ടതിനെക്കാള്‍ കൂടിയ വേഗത്തില്‍ ഉയരത്തിലേക്കു പറന്നുവെന്ന് നിഗമനം.  മണിക്കൂറില്‍ 653 കിലോമീറ്റര്‍ വേഗത്തില്‍ വിമാനം ഉയരത്തിലേക്കു കുതിച്ചുവെന്നും സൂചനയുണ്ട്. ജക്കാര്‍ത്തയിലെ റഡാറില്‍ വിമാനം 36,000 അടി ഉയരത്തില്‍ സഞ്ചരിച്ചത് രേഖപ്പെടുത്തിയെന്നും ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.  തുടര്‍ന്ന് പ്രവര്‍ത്തന രഹിതമായ വിമാനം കടലില്‍ വീണിരിക്കാം.

അതേസമയം, മോശം കാലാവസ്ഥ കാരണം നിർത്തിവെച്ച വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു.  സോണാര്‍ ചിത്രങ്ങളില്‍ നിന്ന് അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും ശക്തമായ കാറ്റ് ഇവ ഒഴുക്കി കളഞ്ഞുവെന്നാണ് കരുതുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ 5.35നു സുരബായയില്‍ നിന്നു പുറപ്പെട്ട വിമാനമാണു 40 മിനിറ്റിനുശേഷം അപ്രത്യക്ഷമായത്. 32,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരുന്ന വിമാനം മോശം കാലാവസ്ഥ കാരണം 38,000 അടി ഉയരത്തിലേക്കു മാറ്റാന്‍ പൈലറ്റ് അനുമതി ചോദിച്ചിരുന്നു. സഞ്ചാരപാത 34,000 അടി ഉയരത്തിലേക്കു മാറ്റാന്‍ അനുമതി നല്‍കാന്‍ രണ്ടു മിനിറ്റിനു ശേഷം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴേക്കും ആശയവിനിമയബന്ധം നഷ്ടമായി.

അതേ സമയം വിമാനം തകർന്നു വീഴുന്നതിന് മുൻപ് വിമാനത്തിലെ ജീവനക്കാരിയായ ഖൈറുന്നിസ ഹൈദർ എന്ന 22 കാരി തന്റെ കാമുകന് സോഷ്യൽ മീഡിയയിലൂടെ അയച്ച പ്രണയ സന്ദേശത്തിൽ പറയുന്നത് ‘38,000 അടി ഉയരത്തിൽ നിന്നും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു’ എന്നാണ്. ഈ ചിത്രവും റാഡാറിലെ കണക്കും കൂട്ടി വായിച്ചാൽ വിമാനം 36,000 അടിയേക്കാൾ ഉയരത്തിൽ സഞ്ചരിച്ചതായി വിദഗ്‌ദ്ധർ അഭിപ്രായപ്പെട്ടു.