അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരേ പാക്ക് വെടിവെപ്പ്

single-img
1 January 2015

borderജമ്മു: അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരേ വെടിവെപ്പ്. ജമ്മു അതിര്‍ത്തിയിലെ 12 ഇന്ത്യന്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സേന വെടിവെപ്പ് നടത്തിയത്. രണ്ടു ദിവസത്തിനിടെ പാകിസ്ഥാന്‍ നടത്തുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. ജമ്മു സാമ്പ സെക്ടറില്‍ പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ പ്രദേശവാസിക്ക് പരിക്കേറ്റു.
ബുധനാഴ്ച രാത്രി അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടു.

ഒൗട്ട് പോസ്റ്റിനു സമീപം പട്രോളിങ് നടത്തുകയായിരുന്ന ജവാന്‍മാര്‍ക്കെതിരെ പാക് സേന വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ മൂന്ന് ജവാന്മാര്‍ക്കും നാട്ടുകാർക്കും പരിക്കേറ്റിരുന്നു. നാലു പാക് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ.പി സിങ്ങിനെ ഇസ്ലാമാബാദിലേക്ക് വിളിപ്പിച്ചിരുന്നു. ആക്രമണത്തിന് അനുയോജ്യമായ മറുപടി നല്‍കണമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് നിര്‍ദേശം നല്‍കിയിരുന്നു.