തങ്ങള്‍ക്ക് മതിയാവോളം അറിവു പകര്‍ന്നു തന്ന ആ പഴയ യു.പി സ്‌കൂളിന് അവരും മനസ്സ് നിറഞ്ഞുതന്നെ നല്‍കി; കടവത്തൂര്‍ വെസ്റ്റ് യു.പി സ്‌കൂള്‍ നവീകരിക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വകയായി നല്‍കിയത് 5 കോടി രൂപ

single-img
30 December 2014

Kadavathurപഠിച്ചിറങ്ങിയ സ്‌കൂളിനെ മറക്കാന്‍ കഴിയുന്നവരല്ല യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍. കടവത്തൂര്‍ വെസ്റ്റ് യു.പി സ്‌കൂളിലെ ആ പഴയ വിദ്യാര്‍ത്ഥികള്‍ അത്തരക്കാരാണ്. കാരണം തങ്ങള്‍ക്ക് ബാലപാഠങ്ങള്‍ പറഞ്ഞുതന്ന് അടിത്തറയിട്ടുതന്ന ആ സ്‌കൂളിന് വേണ്ടി അവരിന്ന് കൂട്ടായ്മയോടെ മുടക്കുന്നത് 5 കോടി രൂപയാണ്.

അക്ഷരമുറ്റത്ത് വീണ്ടും എന്ന പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മയിലാണ് ആ വലിയ പ്രഖ്യാപനം നടന്നത്. 1927 ല്‍ ആരംഭിച്ച് സമൂഹത്തിലെ സര്‍വ്വര്‍ക്കും വിദ്യ പറഞ്ഞുകൊടുത്ത സ്‌കൂളിനെ എല്ലാ അര്‍ത്ഥത്തിലും ഹൈടെക് ആക്കുവാനുള്ള ശ്രമമാണ് ഇപ്പോള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. 17 പദ്ധതികള്‍ വീതിച്ചെടുത്ത് 100 പേരുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ഇംഗ്ലീഷ് മീഡിയത്തിന് പുതിയ ബ്ലോക്ക് നിര്‍മ്മിക്കാന്‍ 3 മകാടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സ്‌കൂളിലെ ബഞ്ചും ഡെസ്‌കും മാറ്റി മേശയും കസേരയും കുട്ടികള്‍ക്കു വേണ്ടി ഒരുക്കും. ഫര്‍ണിച്ചറുകള്‍, കമ്പ്യുട്ടര്‍ ലാബ്, ലൈബ്രറി, സ്‌കൂള്‍ അറിയിപ്പുകള്‍ പ്യൂണ്‍ വഴിയല്ലാതെ നേരിട്ട് ക്ലാസ് മുറിയിലെത്തിക്കുന്ന ഇന്റകോം, സ്‌കൂള്‍ ബസുകള്‍ എന്നുവേണ്ട സര്‍വ്വതിലും ഒരു ഹൈടെക് ടച്ചാണ് സ്‌കൂളില്‍ വരാന്‍ പോകുന്നത്.

ഓലമേഞ്ഞ കെട്ടിടത്തില്‍ സ്വാതന്ത്ര്യത്തിന് മുമ്പ് ആരംഭിച്ച സ്‌കൂള്‍ ഇനി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കരുത്തില്‍ വിദ്യയുടെ അതിരുളില്ലാത്ത ആകാശത്ത് വിദ്യ അര്‍ത്ഥിക്കുന്നവരുമായി സഞ്ചരിക്കും.