ഇന്തോനേഷ്യന്‍ വിമാന ദുരന്തത്തിനിരയായവരുടെ 40 മൃതദേഹങ്ങള്‍ കടലില്‍ നിന്ന് കണ്‌ടെടുത്തു

single-img
30 December 2014

Indoകാണാതായ എയര്‍ ഏഷ്യ വിമാനത്തിലെ 40 യാത്രക്കാരുടെ മൃതദേഹങ്ങള്‍ കടലില്‍ നിന്ന് കണ്‌ടെടുത്തതായി ഇന്തോനേഷ്യന്‍ നാവികസേന അറിയിച്ചു. ജാവാ കടലിലാണ് മൃതദേഹങ്ങള്‍ കണ്‌ടെത്തിയത്. തെരച്ചിലിനായി നിയോഗിച്ചിരിക്കുന്ന ഇന്തോനേഷ്യയുടെ യുദ്ധക്കപ്പലായ ബണ്‍ ടുമോയാണ് മൃതദേഹങ്ങള്‍ കണ്‌ടെടുത്തത്. കൂടുതല്‍ മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം മരിച്ചതായാണ് കരുതുന്നത്. 162 പേരുമായി ഇന്തോനേഷ്യയിലെ സുരബായയില്‍നിന്നു സിംഗപ്പൂരിലേക്കു പോകവേയാണ് എയര്‍ ഏഷ്യവിമാനം കാണാതാകുന്നത്. ഇന്തോനേഷ്യന്‍ നഗരമായ സുരബായയില്‍ നിന്ന് ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 5.20നു പറന്നുയര്‍ന്ന വിമാനത്തിന് 42 മിനിറ്റിനകം (ഇന്ത്യന്‍ സമയം 4.54ന്) ജക്കാര്‍ത്ത എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു.