സ്മാര്‍ട്ട് സിറ്റി ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ജൂണ്‍ ഒന്നിന് നടക്കും

single-img
20 December 2014

smart-cityകൊച്ചി: സ്മാര്‍ട്ട് സിറ്റി ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ജൂണ്‍ ഒന്നിനെന്ന് സംസ്ഥാന സര്‍ക്കാര്‍. ആദ്യഘട്ടത്തിന്റെ നിര്‍മ്മാണം പൂർത്തിയകുന്നതോടെ 6,000ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ നല്‍കാനാവും. കരാര്‍ ഒപ്പുവച്ച കമ്പനികളും ജൂണ്‍ 1നു മുന്‍പ് പ്രവര്‍ത്തനം തുടങ്ങും. രണ്ടാംഘട്ട നിര്‍മാണം അടുത്തവര്‍ഷം ആരംഭിക്കും.  പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ 9,000 തൊഴിലവസരങ്ങളാവും സ്മാര്‍ട് സിറ്റി സൃഷ്ടിക്കുക. സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം പ്രതിനിധികൾ അറിയിച്ചു.

സ്മാര്‍ട്ട് സിറ്റിയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ മൂന്ന് ഐ.ടി. കമ്പനികളുമായി ധാരണയായിട്ടുണ്ടെന്ന് വെള്ളിയാഴ്ച യോഗത്തില്‍ സ്മാര്‍ട്ട് സിറ്റി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കമ്പനികളേതാണെന്ന് വെളിപ്പെടുത്തിയില്ല. പ്രവര്‍ത്തനം ആരംഭിക്കുന്ന സമയത്ത് ഈ കമ്പനികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നായിരുന്നു സ്മാര്‍ട്ട് സിറ്റി നിലപാട്.

പദ്ധതി വിഭാവനം ചെയ്ത ലക്ഷ്യങ്ങളില്‍ ഒന്ന് അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള പ്രമുഖ കമ്പനികള്‍ക്ക് കേരളത്തിലേക്ക് വഴിയൊരുക്കുന്നതിൽ നിന്നും വ്യതിചലിക്കരുതെന്ന നിര്‍ദേശമാണ് യോഗത്തിന് മുൻപ് സര്‍ക്കാര്‍ മുന്നോട്ടുെവച്ചത്.

സര്‍ക്കാറിന്റെ നിര്‍ദേശം കണക്കിലെടുത്താണ് സ്മാര്‍ട്ട് സിറ്റിയുടെ മാര്‍ക്കറ്റിങ് ശക്തമാക്കാന്‍ ദുബായ് സംഘം തീരുമാനിച്ചിരിക്കുന്നത്.

രണ്ടാം ഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങളിൽ റോഡ് വികസനം, വൈദ്യുതീകരണം, കനാല്‍ നവീകരണം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഐടി കമ്പനികളുടെ കൂടെ സ്‌കൂളുകളും ആശുപത്രികളും സ്മാര്‍ട് സിറ്റിയില്‍ ഉണ്ടാകും.