മുല്ല റേഡിയോ എന്ന മൗലാന ഫസലുള്ള; പെഷവാര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍: കുരുന്നുകളെ പോലും നിരത്തി നിര്‍ത്തി കൈവിറയ്ക്കാതെ വെടിവെച്ചു കൊല്ലുന്ന മനുഷ്യപിശാച്

single-img
18 December 2014

web-peshawar-3-gettyകരുണയുടെ ഒരു ചെറിയ കണികപോലും അവശേഷിക്കാതെ ഒന്നുമറിയാത്ത കുരുന്നുകളെ നിരത്തിനിര്‍ത്തി വെടിവെച്ച് ജീവനെടുക്കാന്‍ ഉത്തരവിട്ടത് മുല്ലറേഡിയോ എന്നറിയപ്പെടുന്ന മൗലാന ഫസലുള്ളയാണ്. വിദ്യാഭ്യാസം എന്ന വാക്കിനെ ഏറ്റവും കൂടുതല്‍ വെറുക്കുന്ന നിരക്ഷരനായ ഇയാള്‍ ഇന്ന് പാക് താലിബാന്റെ നേതാവാണ്. മത ഭീകരതയോടുള്ള ഒടുങ്ങാത്ത അഭിനിവേശവും ഭ്രാന്തന്‍ ചിന്തകളുമാണ് കഴിഞ്ഞ ദിവസം ഒരുകൂട്ടം പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്താന്‍ ഈ കുടില മനസ്സിനെ പ്രേരിപ്പിച്ചത്.

വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാന്റെ ഭീകരത ഭരിക്കുന്ന ഗ്രാമങ്ങള്‍ക്കുമപ്പുറം കൊടുമുടികളിലാണ് ഈ ക്രൂരന്‍ താവളമുറപ്പിച്ചിരിക്കുന്നുവെന്ന് പറയപ്പെടുന്നത്. സ്വാത് വാലിയിലെ പതിനായിരക്കണക്കിന് ഗ്രാമവാസികള്‍ ഇയാള്‍ നടത്തുന്ന റേഡിയോ ദിവസവും കേള്‍ക്കുന്നവരാണ്. ഇഷ്ടമുണ്ടായിട്ടല്ല, കേട്ടുകൊടുത്തേ മതിയാകു. അതിനുവേണ്ടിതന്നെ പാക് താലിബാന്‍ എല്ലാവീടുകളിലും റേഡിയോയും വിതരണം നടത്തിയിട്ടുണ്ട്. ആഹാരം കിട്ടാതെ മരിക്കുന്ന ദരിദ്രരായ ഗ്രാമവാസികള്‍ പോലും ഈ റേഡിയോ നിര്‍ബന്ധമായും കേട്ടിരിക്കണമെന്നുള്ളതാണ് മുല്ലാ റേഡിയോയുടെ കല്‍പ്പന.

മുസ്ലീം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ആവശ്യമില്ലാത്തതിന്റെ കാരണങ്ങളും വിശുദ്ധയുദ്ധത്തിന്റെ ആവശ്യകതകളും ഇയാള്‍ മറഡിയോയിലൂടെ ഗ്രാമീണരെ കേള്‍പ്പിക്കും. പലര്‍ക്കും ഇത് കേള്‍ക്കാന്‍ താല്‍പര്യമില്ലെങ്കില്‍ കൂടി അനുസരിക്കും. പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ മലാല യൂസഫ്‌സായിയെ സ്‌കൂള്‍ വാഹനം തടഞ്ഞു നിര്‍ത്തി വെടിവെച്ചതും ഈ ക്രൂരനായ ഭീകരന്റെ നേതൃത്വത്തിലാണ്.

ഇയാളുടെ ആദ്യപേര് ഫസില്‍ ഹയാത്ത് എന്നായിരുന്നു. പാക്‌സഥാനിലെ ഉള്‍നാടന്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഹസിലിന് വിദ്യാഭ്യാസം യാതൊന്നുമില്ല. റോപ്പ്‌വേയുമായി ബന്ധപ്പെട്ട ജോലികക്കിടയില്‍ ഒരു സ്ത്രീയുമായി പരിചയപ്പെട്ടതാണ് ഇയാളുടെ ജീവിതം മാറ്റിമറിക്കാന്‍ കാരണമായതെന്ന് പറയപ്പെടുന്നു. ജോലിയില്‍ നിന്നും വിട്ട ഇയാള്‍ പ്രമുഖനായ ഒരു തീവ്രവാദിയുടെ മകളെ വിവാഹം കഴിക്കുകയും തന്റെ പേര് ഫസില്‍ ഹയാത്ത് എന്നതില്‍ നിന്നും മൗലാന ഫസലുള്ള എന്നാക്കി മാറ്റുകയുമായിരുന്നു.

തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനധികൃത റേഡിയോ ആരംഭിച്ചതോടെ മുല്ലാ റേഡിയോ എന്ന് ഈ ഭീകരനെ വിളിച്ചു തുടങ്ങി. സൈനിക ആക്രമണത്തില്‍ പാക് താലിബാന്റെ മുന്‍ നേതാവ് കൊല്ലപ്പെട്ടതോടെ ഇയലാള്‍ നേതൃസ്ഥാനത്തേക്ക് എത്തപ്പെടുകയായിരുന്നു. കുതിരയോട്ടത്തില്‍ അതിവിദഗ്ദനായ മുല്ലയ്ക്ക് ഗ്രാമവാസികള്‍ അവരുടെ സമ്പാദ്യവും സ്വര്‍ണ്ണവുമെല്ലാം കാഴ്ചവെയ്ക്കണമെന്ന അലിഖിത നിയമവും സ്വാത് താഴ്‌വരയില്‍ നടന്നുവരുന്നുണ്ട്. 2007 ല്‍ മുല്ലറേഡിയോയെ തേടി സ്വാത് താഴ്‌വരയിലെത്തിയ ന്യുയോര്‍ക്ക് ടൈംസ് പത്രപ്രവര്‍ത്തകനായ നിക്കോളാസ് ഷിമില്‍ഡേയോട് അവിടുത്തെ ഒരു ഗ്രാമീണ നേതാവ് മുല്ലയെ കുറിച്ച് വെളിപ്പെടുത്തിയത് സര്‍വ്വ നിയന്ത്രണങ്ങളും വിട്ട ഒരു അപകടകാരി എന്നാണ്.

എന്തായാലും ഒരു കാര്യം ഉറപ്പാണ്. വിദ്യാഭ്യാസത്തിനെതിരെയും വിശുദ്ധയുദ്ധത്തിന് അനുകൂലമായും ഈ കാപാലികന്റെ കണ്ണ് തുറന്നിരിക്കുന്ന കാലം വരെ പാക്- അഫ്ഗാന്‍ മേഖലകളില്‍ കുരുന്നുകള്‍ ജാതിമതഭേദമില്ലാതെ രകതമൊഴിക്കിക്കൊണ്ടിരിക്കും.