കൃഷിഭൂമിയില്‍ ഒലിവ് തൈകള്‍ നടാന്‍ പോയ പാലസ്തീന്‍ മന്ത്രിയെ ഇസ്രയേലി പട്ടാളക്കാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

single-img
11 December 2014

Minoisterഇസ്രയേല്‍ നടത്തുന്ന ഭൂമി കൈയ്യേറ്റത്തിനെതിരേ പ്രതിഷേധ പ്രകടനത്തിനു നേതൃത്വം നല്‍കിയ പലസ്തീന്‍ മന്ത്രിയെ ഇസ്രേലി സൈനികര്‍ മര്‍ദിച്ചു കൊലപ്പെടുത്തി. പലസ്തീന്‍ അഥോറിട്ടിയില്‍ കാബിനറ്റ് മന്ത്രിയായ സിയാദ് അബു അയിന്റെ കൊലപാതകത്തിനു ഇസ്രയേല്‍ മറുപടി പറഞ്ഞേതീരുവെന്നു പലസ്തീന്‍ നേതാക്കള്‍ പറഞ്ഞു.

യഹൂദ പാര്‍പ്പിട കേന്ദ്രത്തിനു സമീപമുള്ള വെസ്റ്റ്ബാങ്ക് ഗ്രാമമായ തുര്‍മുസ് അയായിലെ കൃഷിഭൂമിയില്‍ ഒലിവ് തൈകള്‍ നട്ട് പ്രതിഷേധം പ്രകടിപ്പിക്കാന്‍ പോയ പലസ്തീന്‍കാര്‍ക്കു നേരേ ഇസ്രേലിസേന നടത്തിയ ആക്രമണത്തിലാണ് മന്ത്രി സിയാദ് അബു അയിനു മര്‍ദനമേറ്റത്. 300ല്‍ അധികംവരുന്ന പ്രകടനക്കാര്‍ക്ക് നേരെ സൈന്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. ടിയര്‍ഗ്യാസ് ഷെല്‍ മന്ത്രിയുടെ ദേഹത്തു പതിച്ചുവെന്നും പറയപ്പെടുന്നു.

പ്രകടനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന മന്ത്രിയെ മൂന്നു പട്ടാളക്കാര്‍ പിടികൂടുകയും റെഫിള്‍കൊണ്ട് നെഞ്ചില്‍ ഇടിക്കുകയും ചെയ്‌തെന്ന് ഒരു ഫോട്ടോഗ്രാഫര്‍ പറഞ്ഞു. ഹെല്‍മറ്റുകൊണ്ടും മന്ത്രിയെ ഇടിച്ചു. താഴെവീണ അദ്ദേഹത്തിന് ഒരു ഇസ്രേലി ഡോക്ടര്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം ആംബുലന്‍സില്‍ രമല്ലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.