കാഴ്ചകളുടെ വിരുന്നുമായി 19-താമത് രാജ്യാന്തര ചലച്ചിത്ര മേള

single-img
11 December 2014

ജി.ശങ്കര്‍.

iffkഅനന്തപുരി ഇനി വലിയൊരു കലാവിരുന്നിനെ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഈ മാസം 12 മുതല്‍ 19 വരെ നടക്കുന്ന 19-)മത് രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരി തെളിയുന്നതോടെ അനന്തപുരി അക്ഷരാർത്ഥത്തില്‍ സിനിമ പ്രേമികളുടെ വെനീസ്സായി മാറും.  ഈ ചലച്ചിത്ര മേളയില്‍ 140 ഓളം ചിത്രങ്ങളാണ്‌ ചലച്ചിത്ര ആസ്വാദകരെ കാത്തിരിക്കുന്നത്.  മത്സരങ്ങൾ ഉൾപെടെ 10 വിഭാഗങ്ങളായാണ് ഇത്തവണ മേളയില്‍ ചിത്രങ്ങള്‍ പ്രദർശിപ്പിക്കുന്നത്.  പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോക സിനിമ വിഭാഗത്തില്‍ ഇത്തവണ 37 രാജ്യങ്ങളില്‍ നിന്നായി 61 ചിത്രങ്ങള്‍ പ്രദർശിപ്പിക്കും. ഇതില്‍ 12 വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉണ്ട്.

കിംകി ഡുക് സംവിധാനം ചെയ്ത “ONE ON ONE” എന്ന ചിത്രമാണ് ലോകസിനിമാ വിഭാഗത്തിലെ പ്രധാന ആകർഷണം. സർഗാത്മകതകൊണ്ട് പ്രേക്ഷക ഹ്രദയങ്ങള്‍ കീഴടക്കിയ ഇറ്റാലിയന്‍ സംവിധായകന്‍ മാർക്കോ  ബാലൂചിയുടെ “മൈ മദേഴ്സ് സ്മയില്‍” ലൈഫ് ടൈം ആചീവ്മെന്റ് ഫിലിം വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. മത്സര വിഭാഗത്തില്‍ നാല് ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ 14 ചിത്രങ്ങള്‍ ആണു പ്രദര്‍ശിപ്പിക്കുന്നത്.  ഇറാന്‍, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നിന്നു നാല് ചിത്രങ്ങള്‍ വീതവും, ബoഗ്ളാദേശ്,  ബ്രസീല്‍, ജപ്പാന്‍, അര്‍ജെന്റീന, മെക്സിക്കോ, സൗത്ത് കൊറിയ, എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഓരോ ചിത്രങ്ങളുമാണ് പ്രദർശനത്തിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

മലയാളം വിഭാഗത്തില്‍ ഈ വര്‍ഷം സംവിധാനം ചെയ്യ്ത “ഞാന്‍” ,  തിയേറ്റര്‍ വിജയം കൈവരിച്ച എബ്രിഡ് ഷെനിന്‍റെ  “1983”,  നവാഗത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത് മീന കന്ദസ്വാമി ആദ്യമായി നായിക വേഷമിട്ട ചിത്രം ” ഒരാള്‍പൊക്കം” , സലില്‍ ലാലിന്‍റെ ആദ്യ സംവിധാന സംരഭം “കള്‍ട്ടര്‍ ടവേര്‍സ്” , എന്‍.കെ. മുഹമ്മദ്‌ കോയയുടെ “അലിഫ്’ എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്.

രാസ്ട്രോസ്പെക്ടീവ് വിഭാഗത്തില്‍ ബെസ്റ്റെര്‍ കീറ്റണിന്‍റെ നാല് ചിത്രങ്ങളും മിക്കലോസ് ജാസ്സ്കൊയുടെ 5 ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.  നിശ്ശബ്ദ ചിത്രങ്ങളിലൂടെ സംവിധാന പാടവം തെളിയിച്ച ബെസ്റ്റെര്‍ കീറ്റണൻ ലോകോത്തര സംവിധായകരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ആളാണ്.  കാന്‍ ഫെസ്റ്റിവലിൽ ലൈഫ് വര്‍ക്ക് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഹങ്കേറിയന്‍ സംവിധയകന്‍ മിക്കലോസ് ജക്സോയുടെ 1966 നും 1974 നും ഇടയില്‍ ഇറങ്ങിയ അഞ്ചു ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.   ഹങ്കേറിയന്‍ സോഷ്യലിസ്സത്തിനും, സ്വാതന്ത്രിയത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ശക്തമായ ഭാഷയാണ് ജാസ്കോയുടെ  ചിത്രങ്ങള്‍.

കണ്ടബ്രററി വിഭാഗത്തില്‍ സിനിമ ആചാര്യന്മാരായ ഡാനിസ് താനോവിക്, ഹാനി അബു ആസാദ്, നവോമി കവാസ്സ് എന്നിവരുടെ നാല് ചിത്രങ്ങള്‍ വീതമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഭൂരിഭാഗം ചിത്രങ്ങളും 2000 നു ശേഷം റിലീസ് ചെയ്തവയാണ്. ജാപ്പനീസ് സംവിധായക നവോമി കവാസാണ് ഈ വിഭാഗത്തിലെ സ്ത്രീ സാന്നിദ്ധ്യം. തുർക്കി സിനിമയുടെ നൂറാം പിറന്നാള്‍ ആഘോഷിത്തോട് അനുബന്ധിച്ച് കണ്‍ട്രി  ഫോക്കസ്സ് വിഭാഗത്തിൽ ഉൾപെടുത്തിയിരിക്കുന്നത് തുര്‍ക്കി ചിത്രങ്ങളെയാണ്. 2005നു ശേഷം റിലീസ് ചെയ്ത പ്രമുഖ സംവിധായകരുടെ 8 ചിത്രങ്ങളാണ്‌ പ്രദർശിപ്പിക്കുന്നത്. കൂടാതെ ചൈനീസ്, ഫ്രഞ്ച്, ഫിലിം വിഭാഗങ്ങിലായി 13 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ജൂറി ഫിലിംസ് വിഭാഗത്തില്‍ ഷീഫയുടെ ‘ ഓയില്‍ മേക്കേര്‍സ് ഫാമിലി’ , ‘ ബ്ലാക്ക്‌ സ്നോ’, ‘ എ ഗേള്‍ ഫ്രം ഹുനാന്‍’, എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.  ചൈനീസ് മുന്‍നിര സംവിധായകനും ചലച്ചിത്ര അദ്ധ്യാപകനുംകൂടിയായ ഷീ ഫേയാണു ജൂറി ചെയര്‍മാന്‍.   മ്യുസിയം ഓഫ് മൂവിംഗ് ആര്‍ട്സ് ക്യൂരേറ്റര്‍ ലോറന്‍സ് കര്‍ദിഷ്, നിരൂപകനും ഫിപ്രസ്സി ജനറല്‍ സെക്രട്ടറിയുമായ ക്ലോസ് ഏടര്‍, തുര്‍ക്കി സംവിധായകന്‍ റയിസ് ക്ലയിക്, മറാത്തി സംവിധായിക സുമിത്ര ഭാവേ, തുടങ്ങിയവര്‍ അടങ്ങുന്നതാണ് ഇത്തവണത്തെ ജൂറി അംഗങ്ങള്‍.

എല്ലാ ചലച്ചിത്ര മേളകളുടേയും മുന്നോടിയായി  പല വിവാദങ്ങളും ഉണ്ടാകാറുണ്ട്.  വിവാദങ്ങള്‍ ഇല്ലെങ്കില്‍ എന്തു കലയും സാഹിത്യവും?   ഇംഗ്ലീഷ് അറിയാത്തവരും സാധാരണക്കാരും മേള കാണേണ്ട എന്ന സംഘാടക ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ പ്രസ്താവനയാണ് ഇക്കുറി വിവാദമായത്. മേളയിലെ തിരക്ക്  കുറക്കാനുള്ള അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ഉണ്ടായ വിമര്‍ശനങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറഞ്ഞതോടെയാണ് അദ്ദേഹം വിവാദത്തിനു തിരികൊളുത്തിയത്.

വിവാദത്തെ തുടര്‍ന്നു യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ അടൂരിന്‍റെ വസതിയിലേക്ക് മാര്‍ച്ച്‌  നടത്തുകയും ചെയ്തു.  അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ കൂടുതൽ പേരും ചൂടന്‍ രംഗങ്ങള്‍ മാത്രം കാണാന്‍ വേണ്ടി വരുന്നവരാണെന്നാണ് അടൂരിന്‍റെ കണ്ടുപിടുത്തം. ഇംഗ്ലീഷ് അറിയാത്തവര്‍ മേള കാണേണ്ട എന്നു താന്‍ പറഞ്ഞിട്ടില്ലെന്നും മേള ജനകീയമാക്കിയ തന്നെ തേജോവധം ചെയ്യാനാണ് ഈ ദുഷ്പ്രചരണം എന്നാണു അടൂരിന്‍റെ മറുപടി. പക്ഷേ ചലച്ചിത്ര മേളക്ക് എത്തുന്നവരെ നാം അത്രയ്ക്ക് എഴുതി തള്ളുന്നത് ശരിയുമല്ല.. അച്ചടക്കത്തോടെ നല്ല സിനിമ കണ്ടു മിണ്ടാതെ ഇറങ്ങിപ്പോകുന്ന ഒരു കൂട്ടം മാത്രം മതി എന്നു വാശി പിടിക്കുന്നതും ശരിയല്ല..ഇത്തവണ മാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും പാസ്സ് കിട്ടുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് പറയേണ്ടിയിരിക്കുന്നു. എന്നിരുന്നാലും  19താമത് ചലച്ചിത്ര മേള ഒരു ഉത്സവമായി മാറുമെന്നു ആശിക്കാം.