ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 16 നാളെ പുലര്‍ച്ചെ വിക്ഷേപിക്കും

single-img
4 December 2014

GSATഫ്രഞ്ച് ഗയാനയിലെ കൗറു സ്‌പേസ് പോര്‍ട്ടില്‍ നിന്ന് നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് എട്ടിനാണ് വിക്ഷേപിക്കുന്ന ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 16 ലക്ഷ്യസ്ഥാനത്ത് എത്തിയാല്‍ ലോകത്ത് വാര്‍ത്താവിനിമയ രംഗത്ത് ഇന്ത്യ ഇനി ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയായി മാറും. ഏരിയന്‍ 5 റോക്കറ്റാണ് ജി സാറ്റ് 16നെ ഭ്രമണപഥത്തിലെക്കുന്നത്. 3180 കിലോഗ്രം ഭാരമുള്ള ജി സാറ്റ് 16 നോടൊപ്പം 6300 കിലോഗ്രാം ഭാരമുളള സ്‌പെയ്‌സ് സിസ്റ്റംസ് ലോറന്റെ ഡയറക്ട് ടിവി ഉപഗ്രഹത്തെയും വഹിച്ചാണ് ഏരിയന്‍ ബഹിരാകാശത്തേയ്ക്ക് കുതിക്കുക.

പൂര്‍വ്വ രേഖാംശം 55 ഡിഗ്രിയില്‍ ജിസാറ്റ് 8 ഉപഗ്രഹത്തിനടുത്താണ് ജിസാറ്റ് 16 നെ സ്ഥിരപ്പെടുത്തുക. വിക്ഷേപിച്ച് ഇരുപത്തേഴാം മിനിറ്റില്‍ ഡയറക്ട് ടിവിയും മുപ്പത്തിരണ്ടാം മിനിറ്റില്‍ ജിസാറ്റും ഭ്രമണപഥത്തിലെത്തും. ഇതേസമയത്ത് തന്നെ ഹാസനിലെ ഐഎസ്ആര്‍ഒയുടെ മാസ്റ്റര്‍ കണ്‍ട്രോള്‍ നിലയം ജിസാറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും.

വാര്‍ത്താവിനിമയ രംഗം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ തൊണ്ണൂറോളം വിദേശ ട്രാന്‍സ്‌പോണ്ടറുകള്‍ കടമെടുത്തിരിക്കുകയാണ്. അടുത്ത വര്‍ഷം ജൂണിലാണ് ജി സാറ്റ് 16 ന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ ഇന്‍സാറ്റ് 3 ഇ പ്രവര്‍ത്തനരഹിതമായതിനാല്‍ വിക്ഷേപണം നേരത്തെയാക്കുകയായിരുന്നു. 24 ട്രാന്‍സ്‌പോണ്ടറുകളാണ് ജിസാറ്റ് 16 ലുള്ളത്. ഇതോടെ വാര്‍ത്താവിനിമയ രംഗത്ത് രാജ്യം നേരിടുന്ന ട്രാന്‍സ്‌പോണ്ടറുകളുടെ ക്ഷാമത്തിന് പരിഹാരമാകും.