തനിക്ക് ദാനം കിട്ടിയ ഷര്‍ട്ടിലിരുന്ന അഞ്ചര പവന്റെ സ്വര്‍ണ്ണമാല നാടോടി സ്ത്രീ ഉടമസ്ഥയ്ക്ക് തിരികെ നല്‍കി

single-img
2 December 2014

Rasmiചില ദിവസങ്ങളില്‍ പട്ടിണിയായിരിക്കും. പക്ഷേ നാടോടിയായ രശ്മിയും ഏഴുവയസ്സുള്ള മകളും ഒരിക്കലും നേരിന്റെ പാതയില്‍ നിന്നും വ്യതിചലിച്ചിട്ടില്ല. അങ്ങനെയായിരുന്നെങ്കില്‍ അവര്‍ കഴിഞ്ഞദിവസം തങ്ങളുടെ കയ്യില്‍ തടഞ്ഞ അപ്രതീക്ഷിത നിധിയുമായി തൃശൂരില്‍ നിന്നും മറ്റെവിടെയെങ്കിലും പോയേനെ.

കോയമ്പത്തൂര്‍ സ്വദേശിനിയായ രശ്മിയും അവരുടെ ഏഴുവയസ്സുള്ള മകളുമാണ് കഴിഞ്ഞ ദിവസം ദാരിദ്ര്യത്തിനിടയിലും തങ്ങളുടെ മനസ്സിന്റെ നേര്‍മ്മ തുറന്നൃ കാട്ടിയത്. തൃശൂര്‍ നഗരത്തില്‍ പഴയ വസ്തുക്കളും തുണികളും ശേഖരിച്ച് വില്പന നടത്തുന്ന ഇവര്‍ക്ക് കഴിഞ്ഞദിവസമാണ് ദാനം കിട്ടിയ തുണികളുടെ ഇടയിലുണ്ടായിരുന്ന ഒരു ഷര്‍ട്ടില്‍ നിന്നും അഞ്ചര പവന്റെ സ്വര്‍ണമാല കിട്ടിയത്. എന്നാല്‍ മഞ്ഞലോഹത്തില്‍ കണ്ണു മഞ്ഞളിക്കാത്ത രശ്മി ഏകദേശം ഒരുലക്ഷത്തിലേറെ രൂപ വിലവരുന്ന മാല അപ്പോള്‍തന്നെ പോലീസ് സ്‌റ്റേഷനിലെത്തി ഏല്‍പ്പിച്ചു.

അഞ്ചേരി ഓടത്തുപറമ്പില്‍ അഭിലാഷിന്റെ ഭാര്യ വിജി തന്റെ ഭര്‍ത്താവിന്റെ ഷര്‍ട്ടിനുള്ളില്‍ സൂക്ഷിച്ച സ്വര്‍ണ്ണമാല നഷ്ടപ്പെട്ടതറിഞ്ഞ് തമിഴ് നാടോടികള്‍ താമസിക്കുന്ന ഇടങ്ങളില്‍ അന്വേഷണം നടത്തുന്നുണ്ടായിരുന്നു. അന്വേഷണങ്ങളെല്ലാം വിഫലമായതോടെ സ്‌റ്റേഷനില്‍ പരാതി നല്കാനെത്തിയപ്പോഴാണ് രശ്മി മല വളരെ സമയം മുമ്പുതന്നെ സ്‌റ്റേഷനില്‍ ഏല്പിച്ച കാര്യമറിഞ്ഞത്.

സത്യസന്ധതയുടെ അംഗീകാരമായ രശ്മി തന്നെ എസ്.ഐ സജിന്‍ശശിയുടെ സാന്നിധ്യത്തില്‍ മാല വിജിക്ക് കൈമാറി.