പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ്

single-img
1 December 2014

b ആലപ്പുഴ: പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയില്ലെന്ന് ആരോഗ്യവകുപ്പ്. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിലെ വീടുകളില്‍ നാല് ദിവസമായി ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയിലാണ് കണ്ടെത്തൽ. 33,196 വീടുകളിലെ 1.20 ലക്ഷം ആളുകളെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷിച്ചത്. ഇതില്‍ 532 പേര്‍ക്ക് പനി കണ്ടെത്തി. എന്നാല്‍, ഇതിന് പക്ഷിപ്പനിയുമായി  ബന്ധമില്ലെന്നും സാധാരണ പനിയാണെന്നും അധികൃതര്‍ അറിയിച്ചു.

താറാവുകള്‍ കൂട്ടത്തോടെ ചത്ത കുട്ടനാട്, അപ്പര്‍കുട്ടനാട് പ്രദേശങ്ങളിലുള്ള ആളുകളെയാണ് നിരീക്ഷിച്ചത്. വരും ദിവസങ്ങളിലും നിരീക്ഷണവും ഫീവര്‍ സര്‍വേയും തുടരും.
പക്ഷിപ്പനി സംശയിച്ച മൃഗസംരക്ഷണവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരുടെ സ്രവം പരിശോധിച്ചപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. സര്‍വേയിലും പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കണ്ടെത്തിയില്ലെങ്കിലും ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.