തന്റെ മകളുടെ ലളിത വിവാഹത്തിനൊപ്പം മറ്റ് 96 നിര്‍ദ്ധന യുവതികളുടെ വിവാഹവും നടത്തി കര്‍ണ്ണാടക സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി

single-img
27 November 2014

Ministers_daughter_masswedding650സംസ്ഥാനം അറിയുന്ന മന്ത്രിയാണെങ്കിലും തന്റെ മകളുടെ വിവാഹം പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചല്ല കര്‍ണാടക സാമൂഹ്യക്ഷേമമന്ത്രി എച്ച്.ആഞ്ജനേയുലു നടത്തിയത്. മകള്‍ അനുപമയുടെ വിവാഹം ബാംഗളൂര്‍ നഗരം വിട്ടു സ്വന്തം നാടായ ചിത്രദുര്‍ഗയില്‍ നാട്ടുകാരായ നിര്‍ധനരെ ഒന്നടങ്കം ക്ഷണിച്ച് കൂട്ടത്തില്‍ മറ്റ് 96 നിര്‍ധന യുവതികളുടെ സമൂഹവിവാഹമൊരുക്കിയാണ് അദ്ദേഹം ആഘോഷിച്ചത്.

വിവാഹത്തിനുമുണ്ടായിരുന്നു പ്രത്യേകത. അധികം വിലയില്ലാത്ത സാരിയുടുത്ത് ആഭരണങ്ങളണിയാതെയാണ് അനുപമ വിവാഹവേദിയിലെത്തിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കമുള്ള വി.ഐ.പികള്‍ ഉള്‍പ്പെടെയുള്ള പങ്കെടുത്ത അതിഥികള്‍ക്കു നല്‍കിയതു ചോറും സാമ്പാറും പായസവുമടങ്ങിയ ലഘുസദ്യയാണ്. മാത്രമല്ല നിര്‍ധനരായ 55 കുടുംബങ്ങള്‍ക്കു വിവാഹത്തോടനുബന്ധിച്ചു മന്ത്രി സൗജന്യമായി പശുവിനെയും സമ്മാനിച്ചു.

ബാംഗളൂരിലെ ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് വിവാഹം നടത്തണമെന്നായിരുന്നു മകള്‍ ആദ്യം ആഗ്രഹിച്ചിരുന്നതെങ്കിലും അത് ജന്മനാടായ ചിത്രദുര്‍ഗയില്‍ പാവപ്പെട്ട കര്‍ഷകര്‍ക്കൊപ്പം സമൂഹവിവാഹമായി നടത്താമെന്ന തന്റെ ആഗ്രഹം മകള്‍ സന്തോഷത്തോടെ അംഗീകരിക്കുകയായിരുന്നുവെന്നു മന്ത്രി പറഞ്ഞു. മാത്രമല്ല വിവാഹത്തിനായി മകള്‍ക്കു പുതുതായി വസ്ത്രമോ ആഭരണമോ വാങ്ങിയില്ലെന്നും എളിയ രീതിയില്‍ വിവാഹം നടത്തിയതില്‍ ഇപ്പോള്‍ അനുപമയും ഭര്‍ത്താവും ഏറെ സന്തോഷിക്കുന്നുണെ്ടന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തീര്‍ത്തും ദരിദ്രമായ പശ്ചാത്തലത്തിലാണു താന്‍ വളര്‍ന്നതെന്നും ഇതു മറക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.