കാലിയെ മേക്കാൻ പോയ കുട്ടികൾക്ക് കുറ്റിക്കാട്ടിൽ നിന്നും ലഭിച്ചത് ലക്ഷക്കണക്കിന് രൂപയുടെ നോട്ട് കെട്ടുകൾ

single-img
25 November 2014

cashബറേലി: കാലിയെ മേക്കാൻ പോയ കുട്ടികൾക്ക് റെയിൽവേ ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും കിട്ടിയത് ലക്ഷക്കണക്കിന് രൂപയുടെ ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ട് കെട്ടുകൾ. കുട്ടികൾ അടുത്തുള്ള പാടത്ത് പണിയെടുക്കുന്ന രക്ഷിതാക്കളെ വിവരം അറിയിക്കുകയും കൈയ്യിൽ കിട്ടിയ പണവുമായി സ്ഥലം വിടുകയും ചെയ്തെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഉത്തർപ്രദേശിലെ ഭഗ്‌വൻപൂർ ഫുൽവ എന്ന ഗ്രാമത്തിൽ നടന്ന സംഭവം നിമിഷ നേരങ്ങൾക്കകം കാട്ടുതീയായി പടരുകയും. ഒട്ടും വൈകാതെ പ്രദേശം ആളുകളെ കൊണ്ട് നിറയുകയും ചെയ്തു.

രണ്ടാമത് വന്നവർക്കും കുറ്റിക്കാട്ടിൽ നിന്നും ആവശ്യത്തിനുള്ള പണം കിട്ടി. വന്നവരെല്ലാം നോട്ടുകൾ തങ്ങളുടെ വസ്ത്രങ്ങളിൽ ഒളിപ്പിച്ച് കടത്തിയതായി പറയപ്പെടുന്നു.

സംഭവമറിഞ്ഞ് അടുത്തുള്ള രണ്ട് പോലീസ് സ്‌റ്റേഷനിൽ നിന്നും പോലീസുകാർ പ്രദേശത്തെത്തി. ഈ സ്ഥലം തങ്ങളുടെ സ്റ്റേഷന്റെ പരിധിയിൽ വരുന്നതാണെന്നായിരുന്നു ഇരുവരുടേയും തർക്കം. ഒടുവിൽ പണം കിട്ടിയ സ്ഥലത്ത് നിന്നും തൊണ്ടിയൊന്നും കിട്ടാതെ ഹതാശരായ പോലീസ്, തുടർന്ന് ഗ്രാമത്തിൽ അന്വേഷണത്തിനെത്തിയപ്പോൾ ഇവിടുത്തെ വീടുകളെല്ലാം പൂട്ടിയ നിലയിലായിരുന്നു. പോലീസിന് ആകെ കിട്ടിയത് 5,000 രൂപ കൈവശമുണ്ടായിരുന്ന ഒരാളെ മാത്രമാണ്.

കഴിഞ്ഞ ദിവസം തൊട്ടടുത്ത സ്ഥലത്ത് വൻ മോഷണം നടന്നിരുന്നുവെന്നും അവിടെ നിന്നും കളവ് പോയ പണമായിരിക്കും ഇതെന്നുമാണ് പോലീസ് സംശയിക്കുന്നത്. കുട്ടികളെ കണ്ടെത്തി അവരിൽ നിന്നും പണം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.