തൊഴിലാളി യൂണിയനുകള്‍ ഒന്നിച്ചു; ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തി നട്ടെല്ല് തകര്‍ന്ന വികലാംഗനില്‍ നിന്നും 9000 രൂപ നോക്കുകൂലി വാങ്ങി

single-img
24 November 2014

Thozhilaliമൈക്ക് ഓപ്പറേറ്ററായ നട്ടെല്ല് തകര്‍ന്ന വികലാംഗനില്‍ നിന്നും മൈക്ക് സെറ്റ് ഇറക്കുന്നതിന് നോക്കുകൂലി വാങ്ങിയ തൊഴിലാളിയൂണിയനില്‍പെട്ടആറുപേരെ കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തു. പ്രതികളില്‍ നാലുപേര്‍ ഒളിവിലാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മരത്തില്‍ നിന്ന് വീണ് നട്ടെല്ല് തകര്‍ന്ന് മൂന്ന് ചക്രമുള്ള സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന ചന്തവിളയിലെ മൈക്ക് ഓപ്പറേറ്റര്‍ പ്ലാവറക്കോട് വീട്ടില്‍ താഹയാണ് പരാതിക്കാരന്‍. കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലെ ഒരു സ്ഥാപനത്തിലെ പരിപാടിക്കായി ഉപയോഗിക്കാന്‍ സ്‌റ്റേജിനും മൈക്ക് സെറ്റിനുമുള്ള സാധനങ്ങള്‍ ലോറിയില്‍ നിന്ന് ഇറക്കാനാണ് പ്രതികള്‍ നോക്കുകൂലി ചോദിച്ചത്. ആദ്യം സാധനം ഇറക്കുന്നതിനായി 25000 രൂപ ചോദിച്ചപ്പോള്‍ അത്രയും തുക നല്‍കാന്‍ കഴിയില്ലെന്നും സാധനം തന്റെ സ്വന്തം തൊഴിലാളികളെ വെച്ച് ഇറക്കിക്കൊള്ളാമെന്നും താഹ പറഞ്ഞു.

ആരെക്കൊണ്ട് വേണമെങ്കിലും ഇറക്കിക്കോളൂ, പക്ഷേ ആരെക്കൊണ്ട് ഇറക്കിയാലും തങ്ങള്‍ക്ക് 15000 രൂപ വേണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുകയായിരുന്നു. ഇനി അഥവാ കൂലി തന്നില്ലെങ്കില്‍ കഴക്കൂട്ടം പ്രദേശത്ത് എവിടെയും പണിയെടുക്കാനനുവധിക്കില്ലെന്ന ഭീഷണിയും അവര്‍ മുഴക്കി. അതുകാരണം താഹ സ്വന്തം തൊഴിലാളികളെക്കൊണ്ട് സാധനം ഇറക്കുകയും വെറുതെ നോക്കി നിന്നവര്‍ക്ക് 9000 രൂപ നല്‍കുകയുമായിരുന്നു.

Nokkukooliവലിയ ലോറിയിലെ പൈപ്പും ഷീറ്റും ഇറക്കാനും നീക്കാനുമായി 9000 രൂപ കൈപ്പറ്റിയിരിക്കുന്നു എന്ന എ.ഐ.ടി.യു.സി.യുടെ രസീതും അവര്‍ നല്‍കി. ചന്തവിള മംഗ്ലാവിന്‍ വീട്ടില്‍ ബിജു (36), മങ്കോട്ടുകോണം ആര്‍.എസ്.ഭവനില്‍ രഘു (50), ചന്തവിള കല്ലുവിള വീട്ടില്‍ ബിജു (37), പ്ലാവറതോണത്ത് വീട്ടില്‍ മധു (50), പുതുവല്‍ പുത്തന്‍വീട്ടില്‍ സുന്ദരന്‍ (40), പുതുവല്‍ പുത്തന്‍ വീട്ടില്‍ സജീര്‍ (34) എന്നിവരാണ് അറസ്റ്റിലായത്. സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി., എ.ഐ.ടി.യു.സി., ബി.എം.എസ്., എസ്.ടി.യു. തുടങ്ങിയ യൂണിയനില്‍ പെട്ടവരാണ് പ്രതികള്‍.