കേരള സര്‍വകലാശാല വി.സിയുടെ കോപ്പിയടി; പ്രൊവൈസ് ചാന്‍സലറുടെ പ്രബന്ധത്തിൽ വിദ്യാര്‍ഥികളുടെ പേപ്പറുകളിൽ നിന്നുവരെ കോപ്പിയടിച്ചതായി റിപ്പോർട്ട്

single-img
21 November 2014

Keralaതിരുവനന്തപുരം: കേരള സര്‍വകലാശാല പ്രൊവൈസ് ചാന്‍സലറും കോപ്പിയടിയിൽ കുടുങ്ങി. പ്രൊവൈസ് ചാന്‍സലര്‍ വി. വീരമണികണ്ഠന്റെ പിഎച്ച്.ഡി ഗവേഷണ പ്രബന്ധമാണ് മറ്റ് പലരുടേയും പ്രബന്ധങ്ങളില്‍ നിന്ന് പകര്‍ത്തിയെഴുതിയതാണെന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹം സമര്‍പ്പിച്ച പ്രബന്ധത്തിന്റെ ഭൂരിഭാഗവും ഇന്റര്‍നെറ്റ്, വിദ്യാര്‍ഥികളുടെ പേപ്പറുകൾ, വിവിധ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയില്‍ നിന്ന് കോപ്പിയടിച്ചതാണെന്നാണ് കണ്ടെത്തൽ.

വി. വീരമണിയുടെ ഗവേഷണ പ്രബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. അതിനാൽ അദ്ദേഹം ഡോക്ടറേറ്റെടുത്ത കാലിക്കറ്റ് സര്‍വകലാശാല ഇത് വിദഗ്ദ്ധ പരിശോധനയ്ക്കയച്ചിരുന്നു. ഈ പരിശോധനയിലാണ് കോപ്പിയടി സ്ഥിരീകരിച്ചത്. അനന്തര നടപടിക്കായി സര്‍വകലാശാല ഇതുസംബന്ധിച്ച ഫയല്‍ സര്‍ക്കാരിനയച്ചു.

മനശ്ശാസ്ത്രത്തില്‍ ആസ്ത്മയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു മണികണ്ഠന്റെ ഗവേഷണം. വീരമണികണ്ഠന്റെ ഗവേഷണ പ്രബന്ധത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനർ ആര്‍.എസ്. ശശികുമാര്‍ വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പ്രബന്ധത്തിലെ ഓരോ ഭാഗവും മറ്റേത് പ്രബന്ധത്തില്‍ നിന്നെടുത്തുവെന്ന തെളിവ് സഹിതമായിരുന്നു പരാതി. ഉന്നതവിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിന് മന്ത്രി പരാതി കൈമാറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കാലിക്കറ്റ് സര്‍വകലാശാലാ വി.സിക്ക് ഇത് കൈമാറുകയും സര്‍വകലാശാലയ്ക്ക് പുറത്തുള്ള വിദഗ്ദ്ധനോട് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് ഡല്‍ഹി സര്‍വകലാശാലയിലെ മനശ്ശാസ്ത്ര വിഭാഗം മേധാവിയും പ്രമുഖ ഗവേഷകനുമായ പ്രൊഫ. എന്‍.കെ. ചദ്ദയെയാണ് കാലിക്കറ്റ് വി.സി പരിശോധനയ്ക്കായി ചുമതലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പരിശോധനയില്‍ മണികണ്ഠന്റെ പ്രബന്ധത്തിന്റെ 63 ശതമാനം വരെ മറ്റു ഗവേഷണ പ്രബന്ധങ്ങളില്‍ നിന്ന് പകര്‍ത്തിയെഴുതിയതാണെന്ന് സ്ഥിരീകരിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ഫയല്‍ കാലിക്കറ്റ് വി.സി. നേരിട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ഏല്പിച്ചു.

പ്രബന്ധത്തിന്റെ ആമുഖ അധ്യായത്തിലെ 60 ശതമാനത്തോളം അതേപടി പകര്‍ത്തിയിരിക്കുന്നു. രണ്ടാമത്തെ അധ്യായത്തില്‍ ഭൂരിഭാഗവും പോള്‍ലഹറിന്റെ ആസ്ത്മയുടെ മനശാസ്ത്രം എന്ന പ്രബന്ധത്തില്‍ നിന്ന് മാറ്റമൊന്നുമില്ലാതെ എടുത്ത് ചേര്‍ത്തിരിക്കുന്നതായി പറയുന്നത്. കൂടാതെ മറ്റ് സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ ചിലപഠനങ്ങളും അതേപടി ചേര്‍ത്തിട്ടുണ്ട്.

പ്രബന്ധങ്ങളില്‍ നിന്ന് മാത്രമല്ല ഇന്റര്‍നെറ്റില്‍ നിന്നും യഥേഷ്ടം എടുത്തെഴുതിയിട്ടുണ്ട്.

മൂന്നാമത്തെ അധ്യായത്തില്‍ ഏതൊക്കെ സൈറ്റില്‍ നിന്നാണ് അവയെടുത്തതെന്നും പ്രൊഫ. ചദ്ദ ചൂണ്ടിക്കാണിക്കുന്നു. നാലാം അധ്യായമായ കണ്ടെത്തലുകളില്‍ മാത്രമാണ് സ്വന്തം നിലക്ക് വീരമണികണ്ഠന്‍ എന്തെങ്കിലും എഴുതിയിട്ടുള്ളത്. കാരണം ഇവ സ്വന്തമായി ശേഖരിക്കാനേ കഴിയൂ. കാലിക്കറ്റ് സര്‍വകലാശാലയിലെ ഡോ.ജെ.ബേബിയുടെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം.

പുസ്തകങ്ങളില്‍ നിന്നോ, പ്രബന്ധങ്ങളില്‍ നിന്നോ വിവരങ്ങള്‍ ഉദ്ധരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവ എവിടെനിന്ന് എടുത്തുവെന്ന സൂചകം നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാൽ വി. വീരമണികണ്ഠൻ തന്റെ പിഎച്ച്.ഡി ഗവേഷണ പ്രബന്ധത്തിൽ അപ്രകാരം ചെയ്തിട്ടില്ല.