മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തണമെന്നു കേരളം ഇന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെടും

single-img
19 November 2014

mullaകുമളി: നീരൊഴുക്കു വര്‍ധിച്ചതോടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 141.5 അടിയിലെത്തി. ഇന്നു 142 അടിയായേക്കുമെന്നാണു കണക്കുകൂട്ടല്‍. ഇന്നു രാവിലെ കേരള ഉദ്യോഗസ്ഥരെത്തി ഷട്ടറുകള്‍ ഉയര്‍ത്തണമെന്നു തമിഴ്‌നാടിനോട് ആവശ്യപ്പെട്ടേക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയ ഉപസമിതി അംഗങ്ങള്‍ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി പരിശോധന നടത്തി.  മുല്ലപ്പെരിയാര്‍ ഡാം നിറഞ്ഞതോടെ ബേബിഡാമില്‍നിന്നുള്ള ചോര്‍ച്ച കൂടുതല്‍ ശക്തമായി. ബേബിഡാമിലേക്കു വെള്ളം ശക്തിയായി അടിക്കുമ്പോള്‍ ഡാമിന്റെ പുറത്തേക്ക് വെള്ളം ചീറ്റിയൊഴുകുകയാണ്. ബലപ്പെടുത്തല്‍ ജോലികളൊന്നും നടന്നിട്ടില്ലാത്ത ബേബിഡാം എപ്പോള്‍ വേണമെങ്കിലും തകരാവുന്ന അവസ്ഥയിലാണെന്നു ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇന്നലെ വൈകുന്നേരം 1138 ഘനയടി വെള്ളമാണ് ഓരോസെക്കന്‍ഡിലും ഡാമിലേക്ക് ഒഴുകിയെത്തുന്നത്. സെക്കന്‍ഡില്‍ 147 ഘനയടി വെള്ളമേ വൈകുന്നേരംവരെ തമിഴ്‌നാട് കൊണ്ടുപോകുന്നുള്ളൂ.

മുല്ലപ്പെരിയാറില്‍ 142 അടി വരെ വെള്ളം സംഭരിക്കാന്‍ സുപ്രീംകോടതി വിധി അംഗീകരിക്കാൻ കേരളം ബാധ്യസ്ഥമാണെന്നു തമിഴ്‌നാട് മുഖ്യന്ത്രി ഒ.പനീര്‍ശെല്‍വം പറഞ്ഞു. നേരത്തെ നിയമസഭ വിളിക്കണമെന്നു ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധി ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാര്‍ വിഷയം തീര്‍പ്പായതാണെന്നും നിയമസഭ വിളിച്ച പ്രമേയം പാസാക്കേണ്ടകാര്യം ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.