മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.1 അടി; കേരളപോലീസിന് ഡാമില്‍ കടക്കാന്‍ തമിഴ്‌നാടിന്റെ വിലക്ക്: കൂനിന്‍മേല്‍ കുരുവായി ബേബി ഡാമില്‍ ചോര്‍ച്ചയും

single-img
18 November 2014

Mullaperiyar-Dam1[1]ഇന്നലെ വൈകുന്നേരം മുല്ലപ്പെരിയാറിലെ അണക്കെട്ടില്‍ ജലനിരപ്പ് 141.1 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്റെ സുരക്ഷാചുമതലയുള്ള കേരള പോലീസിന് ഇന്നലെ തമിഴ്‌നാട് വിലക്കും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന സ്ഥലത്തേക്കു മാത്രം കടന്നാല്‍ മതിയെന്നാണ് കേരള പോലീസിനു തമിഴ്‌നാട് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശം.

അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ബേബിഡാമിലെ ചോര്‍ച്ച വര്‍ധിച്ചു. ഇതു പെരിയാര്‍ തീരത്തെ ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കി. സെക്കന്‍ഡില്‍ 1125 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. നീരൊഴുക്ക് കുറഞ്ഞതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്‍ഡില്‍ 150 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് ഇപ്പോള്‍ കൊണ്ടുപോകുന്നത്. കേരള പോലീസിനു തമിഴ്‌നാട് വിലക്കേര്‍പ്പെടുത്തിയതോടെ ഇന്നലെ രാവിലെ ഇതുസംബന്ധിച്ച് ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷമുണ്ടായി.

കേരള പോലീസ് അണക്കെട്ടിലെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് തമിഴ്‌നാടിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍. കഴിഞ്ഞദിവസം അണക്കെട്ടിലെ ജല നിരപ്പ് കാണിക്കുന്ന സ്‌കെയില്‍ തമിഴ്‌നാട് എടുത്തുമാറ്റിയതും ഇതേകാരണത്താലാണ്.