അമ്മയെ സംരക്ഷിക്കാന്‍ തയ്യാറാകാതെ മരണത്തിലേക്ക് തളളിയിട്ട മക്കളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി

single-img
18 November 2014

Makkal

പത്തനാപുരത്ത് പാറക്കുട്ടിയമ്മയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് മക്കളെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. അമ്മയെ സംരക്ഷിക്കാന്‍ തയ്യാറാകാതെ മരണത്തിലേക്ക് തളളിയിട്ട മക്കള്‍ക്കെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

മക്കളുള്‍പ്പെടെ ആരും തിരിഞ്ഞ് നോക്കാനില്ലാതെ എണ്‍പതുവയസ്സുളള പത്തനാപുരം കടയ്ക്കാമണ്‍ സ്വദേശി പാറുക്കുട്ടിയമ്മ മരിച്ച കേസിലാണ് മൂന്നു മക്കളെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ താല്‍പ്പര്യപ്പെടാതെ സ്വത്തിനായി കലഹിച്ച മക്കള്‍ക്കെതിരെ വയോജനസംരക്ഷണ നിയമപ്രകാരമായിരുന്നു പോലീസ് നടപടി. കഴിഞ്ഞദിവസം പാറുക്കുട്ടിയമ്മയുടെ മൃതദേഹം പുഴുവരിച്ച നിലയിലാണ് വീട്ടില്‍ കണ്ടെത്തിയത്.

പാറുക്കുട്ടിയമ്മയുടെ മക്കളായ പത്തനംതിട്ട വാഴമുട്ടം സ്വദേശി രാജന്‍,കടയ്ക്കാമണ്‍ സ്വദേശി സുഭദ്ര, കൂടല്‍ നെടുമണ്‍കാവ് കുന്നത്തുവീട്ടില്‍ ലീല എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് പുനലൂര്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്. ജാമ്യം നല്‍കേണ്ടുന്ന വകുപ്പായതിനാല്‍ മാത്രം ജാമ്യം നല്‍കുന്നുവെന്ന് പറഞ്ഞ കോടതി ഏതു കോടതി നങ്ങളെ വെറുതെ വിട്ടാലും ദൈവത്തിന്റെ കോടതി വെറുതെ വിടില്ലെന്നും പരാമര്‍ശിച്ചു. കോടതി ജാമ്യം നല്‍കിയതിനാല്‍ പോലീസ് പിന്നീട് പ്രതികളെ വിട്ടയച്ചു.

നാലുമക്കളുള്ള എണ്‍പതുകാരിയുടെ പതിനഞ്ച് ദിവസം പഴക്കമുള്ള പുഴുവരിച്ച മൃതദേഹം ഇന്നലെ അവര്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ നിന്നും കണ്ടെടുത്തു;  പോലീസ് ചെലവുകള്‍ക്കും ആംബുലന്‍സിനും മൃതദേഹത്തിലുണ്ടായിരുന്ന സ്വര്‍ണ്ണം ഊരി വില്‍ക്കാന്‍ മക്കള്‍ പരസ്യമായി ആവശ്യപ്പെട്ടു.