ഇന്ത്യയില്‍ നിന്നും രാത്രി പുറപ്പെട്ടാല്‍ രാവിലെ ഓസ്‌ട്രേലിയയില്‍ എത്താമെങ്കിലും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഓസ്‌േട്രലിയയില്‍ എത്താല്‍ 28 വര്‍ഷം വേണ്ടിവന്നു; ഇനി ഇത്തരം കാത്തിരിപ്പുകള്‍ വേണ്ടിവരില്ലെന്ന് നരേന്ദ്ര മോദി

single-img
17 November 2014

Modiസിഡ്‌നി ഒളിമ്പിക് പാര്‍ക്കിലെ അല്‍ഫോണ്‍സ് അരീനയിലുള്‍പ്പെടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും വമ്പിച്ച സ്വീകരണം. 16,000 വരുന്ന കാണികള്‍ മോദിയെ വരവേറ്റത് കയ്യടിച്ചും മുദ്രാവാക്യം വിളിച്ചപ്പോള്‍ അയ്യായിരത്തോളം പേര്‍ ടിക്കറ്റ് ലഭിക്കാതിരുന്നതിനാല്‍ പരിപാടി നടക്കുന്ന ഹാളിലേക്ക് കടക്കാന്‍ കഴിയാതെ പുറത്തുനിന്നിരുന്നു. മാധ്യമങ്ങളെല്ലാം മോദിയുടെ സന്ദര്‍ശനത്തെ വാനോളം പുകഴ്ത്തുകയാണ്.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ അടക്കമുള്ള പ്രമുഖര്‍ മോദിയെ വരവേറ്റു. മോദി പതിവു പോലെ ഹിന്ദിയിലാണ് സദസിനെ അഭിസംബോധന ചെയ്തത്. നാട്ടില്‍നിന്ന് രാത്രിയില്‍ പുറപ്പെട്ടാല്‍ രാവിലെ ഓസ്‌ട്രേലിയയിലെത്താം. എങ്കിലും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഓസ്‌ട്രേലിയയില്‍ എത്താന്‍ 28 വര്‍ഷം വേണ്ടി വന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനി ഇത്തരം നീണ്ട കാത്തിരിപ്പുകള്‍ ആവശ്യം വരില്ല. തനിക്ക് നല്‍കുന്ന സ്‌നേഹം ഇന്ത്യക്ക് സമര്‍പ്പിക്കുകയാണെന്നും ഇന്ത്യ ഓസ്‌ട്രേലിയ കമ്മ്യുണിറ്റി നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം വ്യക്തമാക്കി.

‘മോദി എക്‌സ്പ്രസ്’ എന്നു പേരിട്ട മെല്‍ബണില്‍നിന്നുള്ള പ്രത്യേകം ട്രെയിനിലാണ് ഇരുനൂറോളം പേര്‍ വരുന്ന ഇന്ത്യക്കാര്‍ സിഡ്‌നിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയത്. ആട്ടവും പാട്ടുമായി ആഘോഷമായാണ് ട്രെയിന്‍ മെല്‍ബണില്‍നിന്ന് പുറപ്പെട്ടത്. 11 മണിക്കൂര്‍ യാത്രയാണ് മെല്‍ബണില്‍നിന്ന് സിഡ്‌നിയിലേക്കുള്ളത്. ട്രെയിനില്‍ ഗുജറാത്തി വിഭവങ്ങളും വിളമ്പി. 200 പേര്‍ക്ക് മാത്രമായിരുന്നു ട്രെയിനില്‍ യാത്രാ സൗകര്യം ഉണ്ടായിരുന്നത്. സീറ്റ് കിട്ടാതെ പോയ നിരവധി പേര്‍ ഒടുവില്‍ ഫ്‌ളൈറ്റിനെ ആശ്രയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബ്രിസ്‌ബെനില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയ മോദിയെ വരവേറ്റത് വലിയ ജനക്കൂട്ടമായിരുന്നു.