പ്രവാസികള്‍ക്ക് പണമയക്കാനുള്ള നികുതി കൂട്ടിയതിനെതിരെ പ്രതിഷേധം കത്തുന്നു; നികുതി നല്‍കുന്നത് സ്ഥാപനങ്ങളാണെങ്കിലും ഇതിനുള്ള തുകകൂടി അവര്‍ പ്രവാസികളില്‍ നിന്നുതന്നെ ഈടാക്കും: സേവന നികുതിയുടെ പേരില്‍ പ്രവാസികളെ പിഴിയരുതെന്ന് കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു

single-img
12 November 2014

22fall4പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണം കൈകാര്യം ചെയ്യുന്നതിന് സേവന നികുതി ഏര്‍പ്പെടുത്തണമെന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് മന്ത്രി കെ.സി.ജോസഫ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയോട് ആവശ്യപ്പെട്ടു. യു.പി.എ സര്‍ക്കാരിന്റ കാലത്ത് 2012 ല്‍ നിര്‍ദേശിച്ചെങ്കിലും ജനരോഷം ഭയന്ന് നിര്‍ത്തിവെച്ച തീരുമാനമാണ് ഇപ്പോള്‍ വീണ്ടും നടപ്പാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നികുതി പിന്‍വലിക്കണമെന്ന കേരളത്തിന്റെ ആവശ്യം അറിയിക്കും. പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കാന്‍ ഏല്‍പ്പിക്കുന്ന സ്ഥാപനത്തിന്റെ ഇന്ത്യയിലെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കമ്മീഷന്‍ കിട്ടുന്ന വരുമാനത്തിനാണ് 12.36 ശതമാനം സേവന നികുതി ഏര്‍പ്പെടുത്തിയത്. യഥാര്‍ത്ഥത്തില്‍ സ്ഥാപനങ്ങളാണ് ഇത് നല്‍കേണ്ടതെങ്കിലും ഇതിനുള്ള തുക അവ പ്രവാസികളില്‍ നിന്നുതന്നെ ഈടാക്കുമെന്നും ഇതോടെ നാട്ടിലേക്ക് പണമയക്കുന്നത് ചെലവേറിയതായി മാറുകയും ചെയ്യും.

പ്രതിവര്‍ഷം ശരാശരി 49,000 കോടിയോളം രൂപ നാട്ടിലേക്ക് അയക്കുന്ന കേരളത്തില്‍നിന്നുള്ള പ്രവാസികള്‍ക്ക് ഇത് നല്ലരീതിയില്‍ നഷ്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോള്‍ എഴ് ശതമാനമാണ് ധനകാര്യ സ്ഥാപനങ്ങള്‍ കമ്മീഷനായി വാങ്ങുന്നത്. ഇതിന്റെ 12.36 ശതമാനമാണ് സേവന നികുതിയായി നല്‍കേണ്ടി വരുന്നത്.