ബാറുടമകളുടെ യോഗത്തിൽ ഒളിക്യാമറ, നാല് വര്‍ഷം കൊണ്ട് 20 കോടി കോഴ നല്‍കി

single-img
7 November 2014

bijuവ്യാഴാഴ്ച കൊച്ചിയില്‍ നടന്ന ബാര്‍ ഉടമകളുടെ യോഗത്തിന്റെ ഞെട്ടിപ്പിക്കുന്ന സംഭാഷണങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.സംസ്‌ഥാന മന്ത്രിസഭയെ തകര്‍ക്കാന്‍ ശേഷിയുള്ള ഡൈനമൈറ്റ്‌ തങ്ങളുടെ കൈവശമുണ്ടെന്നു ബാറുടമകള്‍ അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ ആണ് പുറത്ത് വന്നത്.20 കോടിയോളം രൂപയുടെ പണമിടപാടുകള്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നടന്നതായി ബാര്‍ ഉടമകളെ ബിജു രമേശ്‌ അറിയിച്ചു.

 
അത് ആര്‍ക്കൊക്കെ എന്തിനൊക്കെ കൊടുത്തുവെന്നതിന്റെ പൂര്‍ണവിവരങ്ങള്‍ തന്റെ പക്കല്‍ ഉണ്ടെന്നും കണക്ക് പറഞ്ഞാല്‍ സര്‍ക്കാര്‍ പിന്നെ ഉണ്ടാകില്ലെന്നും ബിജു രമേശ്‌ പറയുന്നു.അടച്ചിട്ട 418 ബാറുകള്‍ തുറക്കുന്നതിനായി കൈവശമുള്ള തെളിവുകള്‍വച്ചു വിലപേശല്‍ നടത്തണമെന്നാണു യോഗത്തില്‍ ഉയര്‍ന്ന ഒരാവശ്യം. മന്ത്രി കെ.എം. മാണിക്കെതിരേ തെളിവുകള്‍ ഏറെക്കുറെ പുറത്തുവന്നുകഴിഞ്ഞുവെന്ന നിലപാടിലാണ്‌ അസോസിയേഷന്‍.

 
ഈ സാഹചര്യം ഉപയോഗിച്ചു ബാറുടമകളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനാണ്‌ ഇനിയുള്ള ദിവസങ്ങളില്‍ ശ്രമിക്കേണ്ടതെന്ന്‌ ഒരുവിഭാഗം പ്രതിനിധികള്‍ ആവശ്യപ്പെട്ടു. തനിക്ക് ബാറുകള്‍ കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഉണ്ട്. തന്നെ ഇതിന്റെ പേരില്‍ ഒതുക്കിയാലും എന്ത് വന്നാലും നേരിടാനും തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ബിജു ദൃശ്യങ്ങളില്‍ പറയുന്നു. അതിനാല്‍ എല്ലാവരും തന്റെ കൂടെ നില്‍ക്കണമെന്നും ബിജു അഭ്യര്‍ഥിക്കുന്നു.