ജനങ്ങളെ മാലന്യം തീറ്റിക്കുന്ന നദിയും അതിനു വേണ്ടി കഷ്ടപ്പെടുന്ന അധികൃതരും; കുടിവെള്ളമെന്ന പേരില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ഉപയോഗിക്കുന്നത് മനുഷ്യന്റെ മാലിന്യത്തില്‍ നിന്നും ഉത്ഭവിക്കുന്ന മൂന്നാറിലെ കല്ലാര്‍ നദിയിലെ ജലം

single-img
3 November 2014

Moni

പി.എസ്. രതീഷ്

വിനോദസഞ്ചാരത്തിലൂടെ ലഭിക്കുന്ന കോടികളടക്കം ജില്ലയിലെ തന്നെ ഏറ്റവും വരുമാനമുള്ള പഞ്ചായത്താണ് മുന്നാര്‍ ഗ്രാമ പഞ്ചായത്ത്. ടൂറിസവും തേയിലയുമാണ് മൂന്നാറിലെ പ്രധാന വ്യവസായങ്ങള്‍. ലോകത്ത് കണ്ടിരിക്കേണ്ട അന്‍പത് സ്ഥലങ്ങളിലൊന്നായി മുന്നാറിനെ ലോണ്‍ലി പ്ലാനെറ്റ് മാഗസിന്‍ തിരഞ്ഞെടുത്തിരുന്നതും ലോകമറിയുന്ന വാര്‍ത്തയാണ്. പക്ഷേ ഈ മൂന്നാറില്‍ നിന്നും ഉത്ഭവിക്കുന്ന ഒരു നദി കാലങ്ങളായി അധികൃതരുടെ അനുഗ്രഹാശിസ്സുകളോടെ സാധാരണക്കാരെ മാലിന്യം തീറ്റിച്ചുകൊണ്ടിരിക്കുന്ന കാര്യം എത്രപേര്‍ക്കറിയാം?

സീസണ്‍സമയം ഒരു ദിവസം ഏകദേശം ആറായിരത്തിലധികം ടൂറിസ്റ്റുകള്‍ മൂന്നാര്‍ സന്ദര്‍ശിക്കുന്നു എന്നാണു കണക്ക്. ഈ വരുന്ന സഞ്ചാരികളെ തീറ്റിപ്പോറ്റാന്‍ മൂന്നാറില്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തിയ റിസോര്‍ട്ടുകളും ഹോട്ടലുകളുമാണ് ഈ കഥയിലെ സഹ വില്ലന്‍മാര്‍. സഞ്ചാരികള്‍ ഉപേക്ഷിക്കുന്നതും ഹോട്ടലുകളില്‍ നിന്നുമുള്ളതുമായ മാലിന്യങ്ങള്‍ കുറച്ച് നാള്‍ മുമ്പ് വരെ ഒരു ലോറിയില്‍ കയറ്റിക്കൊണ്ട് പോയി ഇപ്പോഴത്തെ ആര്‍ട്‌സ് കോളേജിന്റെ താഴത്തേക്ക് തട്ടുക എന്നതു മാത്രമായിരുന്നു. അതവിടെ കിടക്കും, കാലങ്ങളോളം.

ഇവിടെ ദിനം പ്രതി കൊണ്ടുതട്ടുന്ന മാലിന്യത്തിന്റെ അളവ് കൂടി കൂടി വന്നപ്പോഴാണു ‘ഗ്രീന്‍ മൂന്നാര്‍ ക്ലീന്‍ മൂന്നാര്‍’ എന്ന പദ്ധതിക്ക് പഞ്ചായത്ത് രൂപം നല്‍കിയത്. കൊട്ടിഘോഷിച്ച് ആരംഭിച്ച ഈ പദ്ധതിക്കുവേണ്ടി കുറച്ച് സ്ഥലം കണ്ണന്‍ ദേവന്‍ കമ്പനി(ടാറ്റ) പഞ്ചായത്തിനു കൈമാറുകയും ചെയ്തു. സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന യാതൊരു പദ്ധതിയേയും പോലെ ആദ്യകാലത്തൊക്കെ ‘സംസ്‌കരണം’ വളരെ ഭംഗിയായി നടന്നു.

സംസ്‌കരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് വിറ്റ ഇനത്തില്‍ മാത്രം പത്ത് മുപ്പത് ലക്ഷം രൂപ അധികൃതര്‍ക്ക് വരുമാനമായി ലഭിച്ചുവെന്ന് പറഞ്ഞാല്‍ ഊഹിക്കാവുന്നതേയുള്ളു, മുന്നാറിലെ മാലിന്യത്തിന്റെ അളവ്. ഒരാഴ്ച പത്ത് ടണ്‍ വരെ വരുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് റീസൈക്കിള്‍ ചെയ്യുകയായിരുന്നു ഈ പദ്ധതിയിലൂടെ. മാത്രമല്ല ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും നിന്ന് നിര്‍ലോഭം കിട്ടിയിരുന്ന ഫുഡ് വേസ്റ്റ് പ്രയോജനപ്പെടുത്താന്‍ ഒരു പന്നി ഫാം കൂടി ആരംഭിക്കുകയും ചെയ്തു.

പന്നിഫാം ആരംഭിച്ചതോടെയാണ് യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത്. അധികൃതരുടെ മുഴുവന്‍ ശ്രദ്ധയും പന്നിയിറച്ചിയില്‍ മാത്രമായി. മാലിന്യങ്ങള്‍ തരംതിരിക്കലും റീ സൈക്ലിങ്ങുമൊക്കെ അങ്ങ് നിര്‍ത്തി.

Monichan

ഇന്ന്, പഴയ ആലുവാ മൂന്നാര്‍ റോഡില്‍ വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഈ സ്ഥലത്ത് ഏകദേശം രണ്ടര കിലോമീറ്ററോളം ദൂരം മാലിന്യം നിറഞ്ഞു കിടക്കുന്നു. ഇതുകൂടാതെ ഇരവികളം ദേശീയോദ്യാനത്തിലെ മുഴുവന്‍ മാലിന്യങ്ങളും വനം വകുപ്പ് അവരുടെ സ്വന്തം വാഹനത്തില്‍ കൊണ്ടുവന്ന് ഇവിടെ ദിവസം പ്രതി തട്ടിയിട്ട് പോകുന്നു. ഈ പ്രവൃത്തി ഇപ്പോഴും ഒരു തടസ്സവുമില്ലാതെ തുടരുന്നുമുണ്ട്.

ഈ മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് കല്ലാര്‍ എന്ന അത്ര ചെറുതല്ലാത്ത പെരിയാറിന്റെ പോഷകനദി ഉത്ഭവിക്കുന്നത്. അമ്പഴച്ചാല്‍ വഴി നേരെ പെരിയാറ്റിലേക്ക് ഒഴുകിയെത്തുന്ന കല്ലാറിലെ ജലം ലക്ഷകണക്കിന് ആളുകളാണ് കുടിവെള്ളമായി ഉപയോഗിക്കുന്നതെന്നറിയുമ്പോഴാണ് അധികൃതര്‍ മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ ഒരു ജനതയോട് ചെയ്യുന്ന കൊടും പാതകത്തിന്റെ ആഴപരപ്പ് മനസ്സിലാകുന്നത്. ആനയും മറ്റ് വന്യജീവികളുള്‍പ്പെടെയുള്ളവര്‍ സൈ്വര്യവിഹാരം നടത്തുന്ന ഈ സ്ഥലത്ത് ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റെ് കാര്യമായ ശ്രദ്ധപതിപ്പിക്കുന്നില്ല.

തുലാവര്‍ഷം തിമിര്‍ത്ത് പെയ്യുന്ന ഈ സമയം മാലിന്യം നിറഞ്ഞ ജലം കല്ലാറിലൂടെ കുത്തിയൊഴുകുകയാണ്. മൂന്നാറിലെ കുന്നിന്‍മുകളിലിരുന്ന് കുപ്പിവെള്ളം വാങ്ങി കുടിക്കുന്നവര്‍ക്ക് ഒരുപക്ഷേ ഈ സത്യങ്ങള്‍ മനസ്സിലാകണമെന്നില്ല. മനസ്സിലായാല്‍ തന്നെ അതിശനതിരെ പ്രതികരിക്കാന്‍ മനസ്സുണ്ടാവണമെന്നുമില്ല. പക്ഷേ ഒരു ജനതയോടും മൂന്നാറിന്റെ പ്രകൃതിയോടും ചെയ്യുന്ന കൊടും ക്രൂരത ഇന്നല്ലെങ്കില്‍ നാളെ പരിസ്ഥിതി സ്‌നേഹികള്‍ കണ്ണുതുറന്ന് കണ്ടില്ലെങ്കില്‍ കേരളത്തിന് ലഭിക്കുന്നത് പുതിയൊരു മൂന്നാറിനെയായിരിക്കും. ഒപ്പം രോഗാതുരരായ ഒരു കൂട്ടം ജനങ്ങളെയും.

(ചരിത്രകാരനും പ്രകൃതി സ്‌നേഹിയുമായ സിബി മൂന്നാര്‍, മോനിച്ചന്‍ എന്നിവരുടെ സഹായത്തോടെ വന്യജീവി ഫോട്ടോഗ്രഫര്‍ രതീഷ് കാര്‍ത്തികേയന്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇവ)