കയ്യേറ്റം, ലാത്തിച്ചാര്‍ജ്:ചുംബന സമരക്കാരെ പൊലീസ് അറസ്റ്റുചെയ്തു

single-img
2 November 2014

frkസദാചാര പൊലീസിനെതിരെ കൊച്ചിയില്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ചുംബന സമരം സംഘര്‍ഷത്തില്‍ കലാശിച്ചു.മറൈൻ ഡ്രൈവിൽ ചുംബന സമരത്തിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ എ.ബി.വി.പി, യുവമോർച്ച അടക്കമുള്ള സംഘടനകൾ രംഗത്ത് വന്നതോടെ ആണ് സമരം സംഘർഷത്തിൽ കലാശിച്ചത് .അതേസമയം ചുംബന സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഒരു സംഘത്തെ ലോ കോളേജ് പരിസരത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു.

 
സമരം തടയാന്‍ എത്തിയവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജും കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചു.ഇതോടെ കൊച്ചിയില്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. നാലു മണിയോടെ മറൈന്‍ഡ്രൈവും പരിസരപ്രദേശങ്ങളും ജനസമുദ്രമായി മാറി.അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയിലും ചിലര്‍ ചുംബിച്ച് പ്രതിഷേധിച്ചു.

 

അറസ്റ്റ് ചെയ്തവരില്‍ ചിലര്‍ പോലീസ് വാഹനത്തിനുള്ളില്‍ വച്ചും ചുംബിച്ച് പ്രതിഷേധിച്ചു. സമരത്തിനെതിരെ പ്രതിഷേധിക്കാനെത്തിയവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡി.സി.പി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം മാർച്ച തടഞ്ഞതോടെ നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു.
പരിപാടിയില്‍ പങ്കെടുക്കാനും കാണാനുമായി ആയിരക്കണക്കിന് ആളുകളാണ് മറൈന്‍ ഡ്രൈവില്‍ തടിച്ചു കൂടിയത്.

 

സമാധാന പരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ ഒരു സംഘം എതിര്‍ത്ത്‌ തോല്‍പ്പിച്ചെന്ന്‌ കിസ്‌ ഓഫ്‌ ലൗ പ്രവര്‍ത്തകര്‍ പ്രതികരിച്ചു. കേരളത്തിന്റെ പൈതൃകത്തിനും പാരമ്പര്യത്തിനും എതിരായ നടപടിയെന്നായിരുന്നു പ്രതിഷേധക്കാരുടെ പക്ഷം. മറൈന്‍ഡ്രൈവും പരിസരപ്രദേശങ്ങളും പിന്നീട്‌ പോലീസ്‌ നിയന്ത്രണത്തിനായി.

 
നേരത്തെ കോഴിക്കോട്ടെ ഡൗണ്‍ടൗണ്‍ റസ്‌റ്റോറന്റ് വളപ്പില്‍ ചുംബിക്കുന്ന കമിതാക്കളുടെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തുവിട്ടതിനെത്തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അവിടം അടിച്ചുതകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ‘കിസ് ഓഫ് ലവ്’ എന്ന പേരിലുള്ള കൂട്ടായ്മ ചുംബനോത്സവം പ്രഖ്യാപിച്ചത്‌