‘കിസ് ഓഫ് ലവ്’; പോലീസ് അനുമതിയില്ല

single-img
29 October 2014

Kissകൊച്ചി:’കിസ് ഓഫ് ലവ്’ എന്ന പേരില്‍ അടുത്ത മാസം രണ്ടിനു കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുമെന്നറിയിച്ചിരിക്കുന്ന പരിപാടിക്ക് അനുമതി നല്കില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജയിംസ് പറഞ്ഞു. പ്രസ്തുത പരിപാടിക്ക് അനുമതി തേടി ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അനുമതി തേടാതെ പരിപാടി സംഘടിപ്പിച്ചാല്‍ അന്ന് നടക്കുന്ന പരിപാടി തടയുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അനുമതി ഇല്ലാതെ പരിപാടി സംഘടിപ്പിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് ചൊവ്വാഴ്ച ഡിസിപി ആര്‍.നിശാന്തിനി അറിയിച്ചിരുന്നു.

ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയയിലും പരിപാടിയെക്കുറിച്ച് വന്‍ പ്രചാരണമാണു നടക്കുന്നത്. ഫേസ്ബുക്കില്‍ പരിപാടിക്കായി രൂപം കൊടുത്ത പേജിനു മാത്രം പതിനായിരത്തിലേറെ ലൈക്ക് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. യുവതി-യുവാക്കള്‍ പരസ്പരമായി വന്നു കൂട്ടമായി ചുംബിക്കുന്ന പരിപാടിയാണു കിസ് ഓഫ് ലവ് എന്നാണു സംഘാടകര്‍ വിശദീകരിക്കുന്നത്.

മറൈന്‍ഡ്രൈവില്‍ കിസ് ഓഫ് ലവ് എന്ന പരിപാടിക്ക് അനുമതി നല്‍കിയാല്‍ പിന്നീട് ഇതിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. അതിനാല്‍ തന്നെ പരിപാടി നടപ്പാകാതിരിക്കാന്‍ പോലീസ് സംഭവ ദിവസം മഫ്തിയിലും മറ്റുമായി നിരവധി പുരുഷ- വനിതാ പോലീസുകാരെ മറൈന്‍ഡ്രൈവില്‍ നിയോഗിക്കുമെന്നാണ് അറിയുന്നത്.

നേരത്തെ തന്നെ പരിപാടിക്കെതിരെ വിശ്വഹിന്ദുപരിഷത്ത് (വിഎച്ച്പി) രംഗത്ത് വന്നിരിന്നു. ഈ പരിപാടി സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും യുവജനങ്ങളെ വഴിതെറ്റിക്കാനും മാത്രമേ ഉപകരിക്കൂ എന്നും വിശ്വഹിന്ദുപരിഷത്ത് (വിഎച്ച്പി) സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന്‍ പറഞ്ഞു.  പരിപാടി ബലപ്രയോഗത്തിലൂടെ തടയില്ലെന്നും ഇതിനായി നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.