കാശ്മീര്‍ പ്രശ്‌നം: ഇന്ത്യ ആഗ്രഹിക്കുന്നതുപോലെ പരിഹരിക്കാന്‍ അനുവദിക്കില്ലെന്നു സര്‍താജ് അസീസ്

single-img
27 October 2014

pakഇസ്‌ലാമാബാദ്:കാശ്മീര്‍ പ്രശ്‌നത്തെ ഇന്ത്യ ആഗ്രഹിക്കുന്നതുപോലെ പരിഹരിക്കാന്‍ അനുവദിക്കില്ലെന്നു പാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്. കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യ കാട്ടുന്ന അമിതസ്വാതന്ത്ര്യത്തെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യക്കു തോന്നുന്ന രീതിയിലാണു ശ്രമിക്കുന്നതെന്നും അതു പാക്കിസ്ഥാന്റെ സമ്മതത്തോടെ നടക്കില്ലെന്നും. നിയന്ത്രണരേഖയ്ക്കപ്പുറത്ത് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ പാക്കിസ്ഥാന്‍ മറുപടി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമാധാനത്തിനുവേണ്ടിയുള്ള പാകിസ്ഥാന്റെ ആഗ്രഹത്തെ ദൗര്‍ബല്യമായി കണക്കാക്കരുത്. കാശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തങ്ങൾ പലതവണ ചൂണ്ടിക്കാട്ടിയിട്ടും രാജ്യാന്തര തലത്തില്‍ അത് ആരും മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകത്തെ അറിയിക്കുന്നതില്‍നിന്നു പാക്കിസ്ഥാന്‍ പിന്മാറില്ല. ലോകരാജ്യങ്ങളിലേക്കു പ്രത്യേക ദൂതന്മാരെയും സംഘങ്ങളെയും അയച്ച് ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമം തുടരുമെന്നും അസീസ് പറഞ്ഞു.

ജമ്മു-കാശ്മീര്‍ നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കാശ്മീര്‍ വിഷയം രാജ്യാന്തര വേദികളിലെല്ലാം ഉന്നയിക്കാനാണ് പാക്കിസ്ഥാന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് സര്‍താജ് അസീസിന്റെ പ്രസ്താവനയെന്നു റിപ്പോര്‍ട്ടുണ്ട്.

അതേസമയം, കാശ്മീര്‍ ഇന്നു കരിദിനമായി ആചരിക്കാന്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. 1947 ഒക്ടോബര്‍ 27ന് ഇന്ത്യന്‍ സൈന്യം ജമ്മു-കാശ്മീരിനെ കീഴടക്കിയെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്.  പാക് റേഡിയോയിലൂടെയും മറ്റുമാണ് വിവിധ സംഘടനകള്‍ ഈ ആഹ്വാനം നല്‍കിയത്.

ജനങ്ങളുടെ മനഃസാക്ഷിക്കു വിരുദ്ധമായാണു ഇന്ത്യ കാശ്മീരിനെ  കൈയേറിയെന്നു ലോകത്തെ അറിയിക്കാനാണ് കരിദിനാചരണമെന്ന് ഹുറിയത്ത് നേതാക്കള്‍ അറിയിച്ചു. കരിദിനാചരണത്തിന്റെ ഭാഗമായി ഹര്‍ത്താല്‍ ആചരിക്കണമെന്നും റാലികളും സമ്മേളനങ്ങളും നടത്തണമെന്നും ആഹ്വാനമുണ്ട്.

പാക് അധിനിവേശ കാശ്മീരിലും ഇന്നു ഹര്‍ത്താലും റാലികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഹുറിയത് നേതാക്കളായ മിര്‍വൈസ് ഉമര്‍ ഫറൂഖ്, സയ്യിദ് അലി ഗീലാനി, ഷാബിര്‍ അഹമ്മദ് ഷാ, മുഹമ്മദ് യാസിന്‍ മാലിക് എന്നിവരാണ് കരിദിനാചരണത്തിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. അതിനിടെ കാശ്മീരില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച നടപടിക്കെതിരേ ഹുറിയത് നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.