നാലുവര്‍ഷം മുമ്പ് കാണാതായ കൊല്ലം സ്വദേശിയെ വാട്‌സ് ആപ്പ് വഴി തിരിച്ചു കിട്ടി

single-img
25 October 2014

Arunനാലുവര്‍ഷം മുമ്പ് കാണാതായ കൊല്ലം സ്വദേശിയായ യുവാവിനെ വാട്‌സ് ആപ്പിലൂടെ തിരികെ കിട്ടി. കൊല്ലം രതീഷ് നിവാസില്‍ അരുണ്‍കുമാറിനെയാണ് വാട്ആപ്പ് വഴി കേരള പോലീസ് നാട്ടില്‍ എത്തിച്ചത്.

രാജകുമാരിയില്‍ കഴിഞ്ഞ ദിവസം അമിതമായി മദ്യപിച്ച നിലയില്‍ റോഡില്‍ കിടന്ന ഇയാളെ രാജാക്കാട് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതിലാണ് കൊല്ലം സ്വദേശി അരുണ്‍കുമാറാണെന്നു പോലീസിന് വ്യക്തമായത്. രാജാക്കാട് പോലീസ് ഇയാളുടെ ഫോട്ടോയെടുത്ത് വാട്‌സ് ആപ് വഴി കൊല്ലം പോലീസ് സ്‌റ്റേഷനിലേക്ക് അയച്ചു കൊടുത്തു.

കൊല്ലം പോലീസ് നടത്തിയ അന്വേഷണം ഒടുവില്‍ ഇയാളുടെ വീട്ടിലെത്തിക്കുകയും വാട്ആപ്പില്‍ വന്ന ഫോട്ടോ കണ്ട് യുവാവിന്റെ മാതാവ് യുവാവിനെ തിരിച്ചറിയുകയുമായിരുന്നു. നാലുവര്‍ഷം മുമ്പ് നാടുവിട്ട അരുണ്‍കുമാറിന് കുടുംബവുമായി യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയിലായിരുന്നു.

ഇക്കാലമത്രയും കുടുംബം ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. അരുണ്‍കുമാറിനെ കൂട്ടിക്കൊണ്ട് പോകാന്‍ ബന്ധുക്കള്‍ രാജാക്കാട് പോലീസ് സ്‌റ്റേഷനില്‍ എത്തുകയും അരുണ്‍കുമാര്‍ അവരെ തിരിച്ചറിയുകയും ചെയ്തു.

അരുണ്‍കുമാര്‍ നാടുവിട്ട് ഇക്കാലയളവിനുള്ളില്‍ ഇദ്ദേഹത്തിന്റെ പിതാവ് മരിച്ചിരുന്നു. രാജാക്കാട് എസ്.ഐ. കെ.എ. ഷാജിയുടെ ‘വാട്‌സ്ആപ്പ്’ ഇടപെടലാണു അരുണ്‍കുമാറിനെയും ബന്ധുക്കളെയും വീണ്ടും ഒന്നിപ്പിച്ചത്.