കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച വിഷയത്തില്‍ കളി മാറുന്നു; തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്

single-img
22 October 2014

jawaharതിരുവനന്തപുരം പാതിരിപ്പള്ളി ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച വിഷയവുമായി ബന്ധപ്പെട്ട് കണ്ടെത്തലുകള്‍ മാറിമറിയുകയാണ്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ കുട്ടിയുടെ ജാതിയുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നു വന്നിരിക്കുന്നത്.

കുട്ടി ഒ.ഇ.സി (അദര്‍ എലിജിബിള്‍ കമ്മ്യൂണിറ്റി) വിഭാഗത്തില്‍പ്പെട്ടയാളാണെന്ന റിപ്പോര്‍ട്ടാണ് തഹസില്‍ദാര്‍ ബാലാവകാശ കമ്മീഷന് നല്‍കിയിരിക്കുന്നത്. എന്നാല്‍ കുട്ടിയുടെ ജാതി സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പേരൂര്‍ക്കട സി.ഐ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ബാലാവകാശ കമ്മീഷന്റെ നിയമപ്രകാരം തഹസില്‍ദാര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടതെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. സംഭവം നടന്നപ്പോള്‍ സ്ഥലത്തെത്തിയ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കുട്ടിയില്‍ നിന്ന് തെളിവെടുക്കുകയും എസ്.സി/എസ്.ടി സംരക്ഷണ നിയമപ്രകാരം കേസെടുക്കാത്ത പോലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

അന്വേഷണത്തിന് ഒടുവില്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ടും വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതായിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നതും ഒ.ഇ.സി എന്നുതന്നെയാണ്. തഹസില്‍ദാരുടെ റിപ്പോര്‍ട്ട് പുറത്തുവന്ന നിലയ്ക്ക് കുട്ടിയുടെ രക്ഷിതാക്കള്‍ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായാണ് സൂചന.

വിദ്യാര്‍ഥി ഒ.ഇ.സിയില്‍പ്പെട്ടയാളാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. എസ്.സി വിഭാഗത്തില്‍പ്പെട്ടയാളാണ് തങ്ങളെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ കമ്മീഷനെ അറിയിച്ചത്. ഇതു കമ്മീഷനെ തെറ്റിദ്ധരിപ്പിക്കലാണെന്നും ബാലാവകാശ കമ്മീഷന്‍ പറയുന്നു.

അതിനിടെ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ക്കായി കുട്ടിയുടെ വസ്‌ത്രങ്ങള്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അയച്ചു. സംഭവ ദിവസം കുട്ടി ധരിച്ചിരുന്ന വസ്‌ത്രങ്ങളാണ്‌ പോലീസ്‌ രാസപരിശോധനയ്‌ക്ക് അയച്ചിരിക്കുന്നത്‌. കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചിട്ടില്ലെന്നും കുട്ടിയുടെ മുത്തച്‌ഛനും പ്രദേശിക നേതാവും നടത്തിയ ഒത്തുകളിയുടെ ഫലമായുള്ള കെട്ടുകഥയാണ്‌ പരാതിയ്‌ക്ക് ആധാരമെന്നുമാണ്‌ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ശശികല ആരോപിച്ചിരുന്നു‌. പട്ടിക്കൂട്ടില്‍ കിടക്കുന്ന കുട്ടിയെ സ്‌ക്കൂളിലെ മറ്റുകുട്ടികള്‍ കണ്ടിട്ടില്ലെന്നും ഇരയായ കുട്ടിയുടെ സഹോദരി മാത്രമാണ്‌ കണ്ടിട്ടുള്ളതെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രിന്‍സിപ്പല്‍ ശശികല പരാതി നല്‍കിയിട്ടുണ്ട്