ഐ.എസ് തീവ്രവാദികളെ തകര്‍ക്കാന്‍ അമേരിക്ക വിമാന മാര്‍ഗ്ഗമിട്ടുകൊടുത്ത ആയുധശേഖരം ഐ.എസ്. തീവ്രവാദികള്‍ക്ക് തന്നെ ലഭിച്ചു

single-img
22 October 2014

ISISഇറാക്കില്‍ പൊരുതുന്ന കുര്‍ദ് സൈനികര്‍ക്ക് തീവ്രവാദ സംഘടനയായ ഐഎസിനെ തകര്‍ക്കാന്‍ അമേരിക്കന്‍ സഖ്യകക്ഷികള്‍ ആകാശമാര്‍ഗം എത്തിച്ചുകൊടുത്ത ആയുധശേഖരം ലഭിച്ചത് ഐഎസ് തീവ്രവാദികള്‍ക്ക് തന്നെ. അമേരിക്ക നല്‍കിയ ആയുധശേഖരം തീവ്രവാദികള്‍ക്കു ലഭിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഐഎസ് അനുഭാവമുള്ള അമാഖ് ന്യൂസ് ഇന്നലെ പുറത്തുവിട്ടു.

ഹാന്‍ഡ് ഗ്രനേഡ് നിറച്ച പെട്ടി ഒരു ഐഎസ് തീവ്രവാദി പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ആയുധശേഖരത്തില്‍ ഗ്രനേഡുകളും റോക്കറ്റ് നിയന്ത്രിത ഗ്രനേഡ് ലോഞ്ചറുകളും മറ്റു സ്‌ഫോടക വസ്തുക്കളും ഉള്‍പ്പെടുന്നു.

സിറിയയിലെ കൊബാനില്‍ ഐഎസ് തീവ്രവാദികള്‍ക്കെതിരേ പോരാടുന്നതിന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ടര്‍ക്കിയുടെ അതിര്‍ത്തിയിലുള്ള സിറിയന്‍ പട്ടണമായ കൊബാനില്‍ കുര്‍ദുകള്‍ക്ക് ആയുധങ്ങളടങ്ങിയ കെട്ടുകള്‍ അമേരിക്ക ആദ്യമായി എത്തിച്ചുനല്‍കിയത്. കുര്‍ദ് സൈനികര്‍ക്ക് എത്തിച്ചുകൊടുത്ത ആയുധക്കെട്ട് തീവ്രവാദികളുടെ കൈവശമെത്തിയതായുള്ള വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണെന്നു പെന്റഗണ്‍ വക്താവ് അഡിമിറല്‍ ജോണ്‍ കിര്‍ബൈ പറഞ്ഞു.

നഷ്ടപ്പെട്ട ആയുധക്കെട്ട് വ്യോമാക്രമണത്തില്‍ നശിപ്പിച്ചതായി പെന്റഗണ്‍ വക്താവ് കേണല്‍ സ്റ്റീവ് വാറന്‍ അറിയിച്ചു. എന്നാല്‍ ഈ ആയുധക്കെട്ട് നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും തങ്ങളുടെ കൈകളില്‍ സുരക്ഷിതമാണെന്നും ഐഎസ് അവകാശപ്പെടുന്നു.