പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് പാകിസ്ഥാനെ ഞെട്ടിച്ചത് ഇന്ത്യക്കാരനായ പതിനാറുകാരന്‍

single-img
20 October 2014

hack-1പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഉള്‍പ്പെടെയുള്ള വൈബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് പാകിസ്ഥാനെ ഞെട്ടിച്ചത് പതിനാറുകാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെന്ന് സൂചന. ബ്ലാക്ക് ഡ്രാഗണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കറുമായി ഇമെയിലില്‍ ബന്ധപ്പെട്ട സ്വകാര്യ ന്യൂസാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.

മോഹന്‍ലാല്‍, സോനു നിഗം, പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ എന്നിവയുടെ സൈറ്റുകള്‍ പാക്കിസ്ഥാനി ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തതിന് മറുപടിയായാണ് പാക്കിസ്ഥാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ്, ലാഹോര്‍ യൂണിവേഴ്‌സിറ്റി തുടങ്ങി ഒരു ഡസണിലേറെ പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. പി.പി.പി നേതാവ് ബിലാവല്‍ ഭൂട്ടോയുടെ കാശ്മീരിനെ കുറിച്ചുള്ള പ്രകോപനപരമായ പ്രസ്താവനയാണ് പി.പി.പി വെബ്‌സൈറ്റ് ഹാക്കു ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ബ്ലാക്ക് ഡ്രാഗണ്‍ പറയുന്നു.

പാക്കിസ്ഥാനിലെ പ്രധാന സൈറ്റുകള്‍ മാത്രമേ ഹാക്ക് ചെയ്യുകയുള്ളൂ എന്നും എന്നാല്‍ പാക്കിസ്ഥാന് ഹാക്ക് ചെയ്യാന്‍ പറ്റാത്ത വിധം ഇന്ത്യന്‍ സൈറ്റുകള്‍ സുരക്ഷിതമാക്കണമെന്നും ഇതിനായി വേണമെങ്കില്‍ തന്റെയും തന്റെ ടീമിന്റെയും സഹായം ഉപയോഗിക്കാമെന്നും ബ്ലാക്ക് ഡ്രാഗണ്‍ വാഗ്ദാനം ചെയ്യുന്നു. ‘ഇന്ത്യന്‍ ഹാക്കേഴ്‌സ് ഓണ്‍ലൈന്‍ സ്‌ക്വാഡ്’ എന്നാണ് ഈ ഹാക്കിങ് ഗ്രൂപ്പ് അറിയപ്പെടുന്നത്.

അതേസമയം, ഇന്ത്യയില്‍ നിന്നുള്ള കമ്പ്യൂട്ടറില്‍ നിന്നാണ് ഹാക്കിങ് നടന്നിട്ടുള്ളതെങ്കില്‍ സൈബര്‍ നിയമപ്രകാരം ഹാക്കര്‍മാര്‍ക്കെതിരെ കേസെടുക്കാനാകുമെന്ന് സൈബര്‍ അഭിഭാഷകന്‍ പവന്‍ ഡഗല്‍ പറഞ്ഞു.