കാതങ്ങള്‍ക്കപ്പുറത്ത് പോളണ്ടില്‍ നിന്നും തന്റെ ഉയര്‍ച്ചയ്ക്ക് കാരണക്കാരിയായ മലയാളി സ്ത്രീയെ തേടി ഒരു സംവിധായിക

single-img
18 October 2014

photoആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേലില്‍ വച്ച് കണ്ടുമുട്ടിയ ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘത്തോടൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീയെ തേടി പോളണ്ടില്‍ നിന്നും ഒരു ഡോക്യുമെന്ററി സംവിധായിക കേരളത്തില്‍. പക്ഷേ ഇവരുടെ പേരോ വിവരങ്ങളോ ഒന്നും പോളണ്ടുകാരി വെറോണിക്കയ്ക്ക് അറിയില്ല. കയ്യിലുള്ളത് ആകെയൊരു ഫോട്ടോ മാത്രം.

ഇസ്രായേലില്‍ വെച്ച് ഇവര്‍ സമ്മാനിച്ച ഒരു കൊന്തയാണ് പിന്നീട് തന്റെ ജീവിതത്തിലുണ്ടായ ഉയര്‍ച്ചകള്‍ക്ക് കാരണമെന്ന് വെറോണിക്ക വിശ്വസിക്കുന്നു. അവര്‍ അന്ന് സ്‌നേഹത്തോടെ നീട്ടിയ കൊന്ത കലറവറയില്ലാത്ത സ്‌നേഹത്തിന്റെ പ്രതീകമാണെന്ന് വെറോണിക്ക വിശ്വസിക്കുന്നു. ഒപ്പം തന്റെ ജീവിതത്തിന്റെ നല്ല നാളുകളുടെ തുടക്കവും.

ചിത്രത്തില്‍ കാണുന്ന സ്ത്രീയുടെ വസ്ത്രധാരണം കണ്ടിട്ട് കുട്ടുകാര്‍ പറഞ്ഞതാണ് അവര്‍ കേരളക്കാരിയായിരിക്കുമെന്ന്. അങ്ങനെയാണ് വെറോണിക്ക കൊച്ചിയിലെത്തിയത്. ഫോര്‍ട്ട് കൊച്ചിയിലെ ചായക്കടയില്‍ വച്ച് ഒരാള്‍ സ്ത്രീയുടെ ഫോട്ടോയില്‍ കൂടെയുണ്ടായിരുന്ന പുരോഹിതന്‍ ഫാദര്‍ ആന്റണി തമ്പിയാണെന്ന് തിരിച്ചറിഞ്ഞു. പക്ഷേ ഫാദറിനും അറിയില്ല ഈ സ്ത്രീയെപ്പറ്റി മറ്റു വിവരങ്ങളൊന്നും.

ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി സെന്റ് ആന്റണീസ് പള്ളിയില്‍ നിന്നും 2008 ലെ ജോര്‍ദ്ദാന്‍ യാത്രാസംഘത്തിലുണ്ടായിരുന്ന ഈ സ്ത്രീയെപ്പറ്റിയുള്ള അന്വേഷണത്തിലാണ് വെറോണിക്കയും സംഘവും. ഇവിടെ നിന്നുതന്നെ അവരെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയോടെ.