പി.റ്റി. ഭാസ്‌കരപ്പണിക്കര്‍ എമിററ്റസ് ഫെല്ലോഷിപ്പ് പ്രൊഫ. എസ്. ശിവദാസിന്

single-img
18 October 2014

unnamedതിരുവനന്തപുരം: ശാസ്ത്ര എഴുത്തുകാര്‍ക്കായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പി.റ്റി. ഭാസ്‌കരപ്പണിക്കര്‍ എമിററ്റസ് ഫെല്ലോഷിപ്പിന് പ്രശസ്ത ശാസ്ത്ര എഴുത്തുകാരനും പ്രചാരകനുമായ പ്രൊഫ. എസ് ശിവദാസ് അര്‍ഹനായി. രണ്ടു വര്‍ഷത്തേക്കാണ്  ഫെല്ലോഷിപ്പ്.  ഇതനുസരിച്ച്  പ്രതിമാസം 25,000 രൂപയും പുസ്തകങ്ങള്‍ വാങ്ങുന്നതിലേക്കായി പ്രതിവര്‍ഷം 50,000 രൂപയും നല്‍കും. ഇക്കാലയളവില്‍ പ്രൊഫ. ശിവദാസ് ശാസ്ത്ര സംബന്ധിയായ ഈടുറ്റ രചനകള്‍ തയ്യാറാക്കി കൗണ്‍സിലിനു നല്‍കും.

ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്കും ശാസ്ത്രാധിഷ്ഠിത സാഹിത്യത്തിനും പി.റ്റി.ഭാസ്‌കരപ്പണിക്കര്‍ നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് സയന്‍സ് കൗണ്‍സില്‍ പുതുതായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിരിക്കുന്നതെന്ന് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ വി എന്‍ രാജശേഖരന്‍ പിള്ള അറിയിച്ചു.

നൂറ്റിയന്‍പതിലധികം ശാസ്ത്ര പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള പ്രൊഫ. ശിവദാസ് നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. പ്രൊഫ. സി.ജി. രാമചന്ദ്രന്‍ നായര്‍, പ്രൊഫ. ജെ.വി. വിളനിലം,  ശ്രീ. കെ. കുഞ്ഞികൃഷ്ണന്‍, ശ്രീ. കെ.കെ.കൃഷ്ണകുമാര്‍ എന്നിവര്‍ അടങ്ങിയ വിദഗ്ധ സമിതിയാണ് ഫെല്ലോഷിപ്പിനായി പ്രൊഫ. ശിവദാസിനെ തെരെഞ്ഞെടുത്തത്.