ആലുവയില്‍ നടുറോഡില്‍ അന്യസംസ്ഥാന തൊഴിലാളിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി

single-img
17 October 2014

1357219894_stretchആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്‍വശമുള്ള റോഡില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതി പുലര്‍ച്ചെ നടന്നു പോകുന്നതിനിടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇന്ന് പുലര്‍ച്ചെ 3.45 ഓടെയായിരുന്നു പ്രസവം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ആരോഗ്യവകുപ്പ് ജീവനക്കാരും ചേര്‍ന്ന് ഉടനെ ഇവരെ താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.

യുവതിയും കുഞ്ഞും ആലുവ താലൂക്ക് ആശുപത്രിയില്‍ സുഖമായിരിക്കുന്നു. ബംഗാള്‍ സ്വദേശിയായ കമലേഷ്‌കുമാറിന്റെ ഭാര്യ ജുറ എന്ന ഇരുപത്തിയൊന്നുകാരിയാണ് വഴിയരുകില്‍ പ്രസവിച്ചത്. അന്യസംസ്ഥാനത്ത് നിന്നും ഇവിടെ എത്തി ആലുവ മുപ്പത്തടത്തുള്ള ഹോളോബ്രിക്‌സ് കമ്പനിയില്‍ ജോലിക്ക് പോയാണ് ഇവര്‍ കഴിഞ്ഞുവന്നിരുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഹോളോബ്രിക്‌സ് കമ്പനിയില്‍ ഇവര്‍ ജോലി ചെയ്യുന്നു. രാത്രി പ്രസവ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രി തേടിയുള്ള യാത്രക്കിടെയാണ് പ്രസവം. ആ സമയം റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍ ചേര്‍ന്ന് പിരിവെടുത്ത് ഇവര്‍ക്ക് 2,000 രൂപ സഹായം നല്‍കി.