സുന്ദരിയമ്മ കൊലക്കേസ്; തനിക്കെതിരെയുള്ള കോടതി പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടണമെന്നാവശ്യപ്പെട്ട് അസി.കമ്മീഷണര്‍ നിയമനടപടിക്കൊരുങ്ങുന്നു

single-img
16 October 2014

Kerala_Police_Logo1കോഴിക്കോട്: സുന്ദരിയമ്മ വധക്കേസിൽ മാറാട് പ്രത്യേക കോടതിയുടെ വിധിയില്‍ തനിക്കെതിരായി കോടതി നിരീക്ഷിച്ച പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണകാലത്തെ സിഐയും ഇപ്പോള്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ അസി. കമ്മീഷണറുമായ ഇ.പി. പൃഥിരാജ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. തനിക്കെതിരെ കോടതി വ്യക്തിപരമായി നടത്തിയ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് നിയമനടപടിയിലേക്ക് നീങ്ങാന്‍ അസി.കമ്മീഷണര്‍ ഒരുങ്ങുന്നത്.

കേസിലെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന പരാമര്‍ശവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 201 വകുപ്പു പ്രകാരം തെളിവു നശിപ്പിച്ചതിനും 194 വകുപ്പുപ്രകാരം കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെടാനായി വ്യാജ തെളിവു നല്‍കിയതിനും നോട്ടീസയക്കാനും വകുപ്പുതല അന്വേഷണം നടത്താനും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

ഒരു വര്‍ഷത്തോളം വിചാരണ തടവില്‍ കഴിഞ്ഞ അനാഥനായ ജയേഷിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഈ തുക അന്വേഷണ ഉദ്യോഗസ്ഥനില്‍നിന്ന് ഈടാക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തനിക്കെതിരായി വ്യക്തിപരമായി ഉണ്ടായിട്ടുള്ള കാര്യങ്ങള്‍ നീക്കിക്കിട്ടുന്നതിനായി കോടതിയെ സമീപിക്കാന്‍ അസി.കമ്മീഷണര്‍ തീരുമാനിച്ചിരിക്കുന്നത്. കോടതിയുടെ ഇത്തരവിന്റെ പകര്‍പ്പ് കിട്ടികഴിഞ്ഞാല്‍ തുടര്‍നടപടിയുമായി മുന്നോട്ടു പോകുമെന്നാണ് വിവരം.