എം.എന്‍.എസ്. നേതാവ് രാജ് താക്കറേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണംകാണിക്കല്‍ നോട്ടീസ് നൽകി

single-img
14 October 2014

rajഎം.എന്‍.എസ്. നേതാവ് രാജ് താക്കറേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണംകാണിക്കല്‍ നോട്ടീസ് നൽകി . അന്യസംസ്ഥാനക്കാര്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന്റെ പേരിലാണിത്. ബുധനാഴ്ച രാവിലെ 11-ന് മുമ്പ് അദ്ദേഹം കമ്മീഷന് വിശദീകരണം നല്‍കണം. അല്ലെങ്കില്‍ ഏകപക്ഷീയമായി നടപടിയെടുക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

 

ഒക്ടോബര്‍ അഞ്ചിന് ഘാട്‌കോപ്പറിലും ഏഴിന് കല്‍നയിലും നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തിലാണ് മഹാരാഷ്ട്ര നവനിര്‍മാണ്‍സേനയുടെ പ്രസിഡന്റായ രാജ് താക്കറെ, അന്യസംസ്ഥാനങ്ങളില്‍നിന്ന് വന്ന് മഹാരാഷ്ട്രയില്‍ ജോലി ചെയ്ത് താമസിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ചത്.

 
ഈ രണ്ട് പ്രസംഗങ്ങളുടെയും വീഡിയോപകര്‍പ്പ് മുംബൈയിലെ തിരഞ്ഞെടുപ്പ് ഓഫീസര്‍, കമ്മീഷന് അയച്ചുകൊടുത്തിരുന്നു.തന്നെ സംസ്ഥാന മുഖ്യമന്ത്രിയായി തിരഞ്ഞെടുത്താല്‍ മഹാരാഷ്ട്രയിലെ ജോലി മറാഠി യുവാക്കള്‍ക്കും യുവതികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തുമെന്നും മറ്റ് സംസ്ഥാനക്കാരെ അതിര്‍ത്തിയില്‍വെച്ച് തടയുമെന്നും രാജ് താക്കറെ പ്രസംഗിച്ചിരുന്നു.

 
മഹാരാഷ്ട്രയില്‍ താമസിക്കാനും ജോലിചെയ്യാനും ഇതരസംസ്ഥാനക്കാര്‍ക്ക് അവസരം നല്‍കില്ല. സംസ്ഥാനത്ത് ജോലിചെയ്യാനുള്ള അവകാശം മറാഠികള്‍ക്ക് മാത്രമായിരിക്കും. എന്നാൽ പരസ്പരസ്പര്‍ധയും വിദ്വേഷവും വളര്‍ത്തുന്ന പ്രസ്താവനയാണ് ഇതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.