നൗഫല്‍ മരണത്തിലേക്ക് നടന്നു നീങ്ങിയത് പ്രകൃതിയോടുള്ള തന്റെ ഉത്തരവാദിത്വം പൂര്‍ത്തിയാക്കിയശേഷം; മൈട്രീ ചലഞ്ചില്‍ പങ്കെടുത്ത് മണിക്കൂറുകള്‍ക്കകം നൗഫല്‍ വാഹനാപകടത്തില്‍ മരിച്ചു

single-img
9 October 2014

Noufalഈ ലോകത്തോട് യാത്ര പറഞ്ഞെങ്കിലും പ്രകൃതിയോടുള്ള തന്റെ ഉത്തരവാദിത്വം നിറവേറ്റിയതിന്റെ പേരില്‍ കാലങ്ങളോളം ഈ ലോകം നൗഫലിനെ ഓര്‍ത്തിരിക്കും. നടന്‍ മമ്മൂട്ടിയുടെ മൈട്രീ ചലഞ്ചിന്റെ ഭാഗമായി തെങ്ങിന്‍ തൈ വെച്ച് മണിക്കൂറുകള്‍ക്കകം നൗഫല്‍ വാഹനാപകടത്തില്‍ ലോകത്ത് നിന്ന് യാത്രയായി.

തെങ്ങിന്‍തൈ നടുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു അഞ്ചു മണിക്കൂറിനുള്ളിലാണ് ബൈക്ക് അപകടത്തില്‍ നൗഫല്‍ മരണപ്പെട്ടത്. മലപ്പുറത്ത് ദേശീയപാതയില്‍ വെന്നിയൂരിനടുത്ത് കാച്ചടിക്കലില്‍ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടമാണ് നൗഫലിന്റെ ജീവന്‍ കവര്‍ന്നത്. എതിരെ വന്ന നൗഫലിന്റെ ബൈക്കിനെ കോഴിക്കോട് നിന്നും എറണാംകുളത്തേക്ക് പോകുകയായിരുന്ന കോയിക്കല്‍ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തിരൂരങ്ങാടി പുന്നാടന്‍ കുഞ്ഞിമരക്കാറിന്റെയും ജമീലയുടെയും മകനായ നൗഫല്‍ ചങ്ങനാശ്ശേരി, കൊല്ലം എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോണ്‍ ബിസിനസ് നടത്തുകയായിരുന്നു. കൊല്ലം ജില്ലയിലാണ് മൈ ട്രീ ചലഞ്ചിന്റെ ഭാഗമായി നൗഫല്‍ മരം നട്ടത്. നൗഫലിന്റെ മരണത്തെ തുടര്‍ന്ന് ഏറെ നേരം നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. ഫര്‍സാനയാണ് നൗഫലിന്റെ ഭാര്യ. ഹസ മകളും.