ഉംറ കര്‍മ്മങ്ങള്‍ പഠിക്കാന്‍ പോയ കുടുംബത്തെ ആവശ്യമില്ലാതെ രണ്ടു മണിക്കൂറിലധികം റോഡില്‍ നിര്‍ത്തി ബുദ്ധിമുട്ടിപ്പിപ്പിക്കുകയും 3000 രൂപ പിഴ അടപ്പിക്കുകയും ചെയ്ത വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റി

single-img
9 October 2014

Vehicleഉംറ നിര്‍വ്വഹിക്കുവാനുള്ള കര്‍മങ്ങള്‍ പഠിക്കുന്നതിനായി പോയ യുവതിയെയും നാല് വയസുള്ള കുഞ്ഞിനെയും 80 വയസുള്ള ഭര്‍ത്തൃമാതാവിനെയും രണ്ട് മണിക്കൂറിലധികം റോഡില്‍ നിര്‍ത്തി ബുദ്ധിമുട്ടിച്ച അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സ്ഥലംമാറ്റാനും വകുപ്പുതല നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ജെ.ബി. കോശി ഉത്തരവിട്ടു.

ഇതിനിടയില്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശാനുസരണം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഗതാഗത കമ്മീഷണര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സംരക്ഷിക്കാന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഉംറ കര്‍മങ്ങള്‍ പഠിക്കാന്‍ കാറില്‍ വടക്കാഞ്ചേരിക്ക് 2013 ഡിസംബര്‍ 7ന് യാത്ര ചെയ്യുകയായിരുന്ന പറവൂര്‍ സ്വദേശി റീജയേയും കുടുംബത്തെയുമാണ് വടക്കാഞ്ചേരി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.വി. ബിജു തടഞ്ഞുനിര്‍ത്തി കാര്‍ ടാക്‌സിയാണെന്ന് ആരോപിച്ച് രണ്ടുമണിക്കൂര്‍ റോഡില്‍ നിര്‍ത്തുകയും 3000 രൂപ പിഴ അടപ്പിക്കുകയും ചെയ്തത്.

പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഗതാഗത കമ്മീഷണറോടു വിശദീകരണം ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ ഭാഗത്ത് തെറ്റില്ലെന്നു കമ്മീഷന്‍ കണെ്ടത്തി. പരാതിക്കാരി പിഴ അടച്ചതുകൊണ്ടു കുറ്റം ചെയ്തു എന്നതിന് അര്‍ഥമില്ല. റോഡില്‍ നിര്‍ത്തി കുഞ്ഞിനു മരുന്നും ഭര്‍ത്തൃമാതാവിന് ഭക്ഷണവും നല്‍കാനാവാതെ മണിക്കൂറുകളോളം ബുദ്ധിമുട്ടിച്ചാല്‍ ആരായാലും പിഴയടച്ചുപോകുമെന്നും ജസ്റ്റീസ് ജെ.ബി. കോശി നിരീക്ഷിച്ചു. മാത്രവുമല്ല കുടുംബ സുഹൃത്തിന്റെ കാറില്‍ ടാക്‌സിയല്ലാതെ സഞ്ചരിക്കാന്‍ യാതൊരു നിയമ തടസവുമില്ല. കാറിന്റെ രേഖകള്‍ ഹാജരാക്കിയപ്പോള്‍ വേണമെങ്കില്‍ ഉടമസ്ഥന്റെ വിലാസം കുറിച്ചെടുത്ത് നോട്ടീസ് അയ്ക്കാമായിരുന്നുവെന്നും കമ്മീഷന്‍ പറഞ്ഞു.