ദേവദാസിയാകുന്നതിനെ എതിർത്ത യുവതിയെ മർദ്ദിച്ച സംഭവത്തിൽ ബന്ധുക്കൾ അറസ്റ്റിൽ

single-img
9 October 2014

jail cellബെല്ലാരി: ദേവദാസി ആകുന്നതിനെ എതിർത്ത യുവതിയേയും കുടുംബത്തേയും മർദ്ദിച്ച സംഭവത്തിൽ ബന്ധുക്കൾ അറസ്റ്റിൽ. കർണാടകയിലെ ഹൊസ്‌പേട്ട് താലൂക്കിലെ കാമാക്ഷി എന്ന ഇരുപതുകാരിയെയാണ് തിങ്കളാഴ്ചയാണ് ബന്ധുക്കൾ മർദ്ദിച്ചത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രുദ്രാപ്പ, അംബരീഷ്, വെങ്കിടേഷ്, മഞ്ജുനാഥ്, യെരിസ്വാമി, സിദ്ദപ്പ, സാമി, അഞ്ജിനി, ഗാലപ്പ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ വിവാഹ നിശ്ചയത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ദേവദാസിയാകണമെന്ന ആവശ്യപ്പെട്ട് ബന്ധുക്കൾ എത്തുന്നത്. ഇതിനെ ശക്തമായി എതിർത്ത പെൺകുട്ടിയെ ബന്ധുക്കൾ മർദ്ദിക്കുകയായിരുന്നു. തുടർന്ന് യുവതി അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം മാരിയമനഹള്ളി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തനിക്ക് ദേവദാസിയാകാൻ താത്പര്യമില്ലെന്നും ഒരു സാധാരണ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.