ഒരു തലമുറ മുഴുവനും കണ്ട ചരിത്രം കുറിച്ച ആ പ്രണയസിനിമയുടെ 19 വര്‍ഷം നീണ്ട പ്രദര്‍ശനം മറാത്ത മന്ദിര്‍ തിയേറ്റര്‍ മതിയാക്കുന്നു

single-img
7 October 2014

DDLJ-900-Weeksബോളിവുഡ് റൊമാന്‍സ് ചിത്രങ്ങളുടെ ‘കിംഗ്’ ആയ ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേഗേയുടെ മുംബൈയിലെ മാര്‍ത്താ മന്ദിര്‍ തിയേറ്ററിലെ 19 വര്‍ഷം നീണ്ട റെക്കോഡ് പ്രദര്‍ശനമാണ് അടുത്ത മാസം അവസാനിപ്പിക്കുന്നത്. ചിത്രം ഇതുവരെ 950 ആഴ്ച്ചകള്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കി കഴിഞ്ഞു. ചിത്രത്തിന്റെ പ്രദര്‍ശനം 1000 ആഴ്ച്ചകള്‍ പൂര്‍ത്തിയാക്കിയശേഷം പിന്‍വലിക്കാനാണ് തിയേറ്റര്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

മാര്‍ത്താ മന്ദിറിലെ 11.30നുള്ള ഷോയില്‍ ദില്‍വാലേ ദുല്‍ഹാനിയ ലേജായേഗേ നിറഞ്ഞ സദസിലാണ് ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നത്. തിയേറ്റര്‍ എം.ഡിയായ മനോജ് ദേശായിയാണ് ദില്‍വാലേ ദുല്‍ഹാനിയ ലേജായേഗെ പിന്‍വലിക്കുന്ന വിവരം പുറത്തുവിട്ടത്. ചിത്രത്തിന് കഴിഞ്ഞ കാലങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ അടുത്തിടെ ചിത്രത്തിന്റെ കളക്ഷനില്‍ ഇടിവുണ്ടായിട്ടുണ്ടെന്നും അതുകൊണ്ടാണ് ഞങ്ങള്‍ ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേഗേയുടെ പ്രദര്‍ശനം നിര്‍ത്തുന്ന കാര്യം ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ ചിത്രം തിയേറ്ററില്‍ നിന്നും പിന്‍വലിക്കാന്‍ പോകുന്ന വിവരം സംവിധായകനും നിര്‍മ്മാതാവുമായ ആദിത്യ ചോപ്രയെ അറിയിച്ചിട്ടുണ്ട്. ഒരു തലമുറ മുഴുവനായി ഈ ചിത്രം കണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പിക്കാനാകുമെന്നും എന്നാല്‍ പലതവണ ടെലിവിഷനിലും ചിത്രം പ്രദര്‍ശിപ്പിച്ചത് കാഴ്ച്ചക്കാരില്‍ കുറവുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പ്രേക്ഷകരില്‍ പലരും നൂറിലേറെ തവണ ഈ ചിത്രം കണ്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.