വിലയ്ക്ക് വാങ്ങിയ കല്‍ത്തുറുങ്ക്

single-img
1 October 2014

ജി. ശങ്കര്‍

jayaഅടിതെറ്റിയാല്‍ ആനയും വീഴും എന്നൊരു പഴഞ്ചൊല്ലുണ്ട്. അതാണ് അധികാര തിമിര്‍പ്പില്‍ കൂത്താടിയ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്ക് സംഭവിച്ചത്. ഒരുതരത്തില്‍ പറഞ്ഞാല്‍ വിലയ്ക്കു വാങ്ങിയ കാരാഗ്രഹവാസം. അല്ലാതെന്തു പറയാന്‍. ഇന്ന് സ്വതന്ത്രഭാരതം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം രാഷ്ട്രീയ അഴിമതികളാണ്. ജനങ്ങളുടെ വിലപ്പെട്ട വോട്ടുകള്‍ നേടി അധികാര കസേരയിലെത്തുമ്പോള്‍ അധികാരത്തെ മുള്‍മുനയില്‍ നിര്‍ത്തി സ്വാധീനം ഉപയോഗിച്ച് സ്വകാര്യ ലാഭത്തിനും രാഷ്ട്രീയ ലാഭത്തിനുമായി നടത്തുന്ന അഴിമതികള്‍ക്കും അക്രമങ്ങള്‍ക്കും തടയിടാന്‍ സ്വതന്ത്രഭാരതത്തിലെ ഒരു സംവിധാനത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല.

ഒരു രാഷ്ട്രീയ പാര്‍ട്ടിപോലും അഴിമതിക്കും സ്വജനപക്ഷപാതത്തിനും വിമുക്തമായി നിലകൊള്ളുന്നുണ്ടെന്ന് പറയാനാവാത്ത നാണംകെട്ട ഒരവസ്ഥയാണ് ഇന്ന് സ്വതന്ത്ര ഭാരതത്തില്‍.
അഴിമതി ഒരു രോഗാതുരമായി നമ്മുടെ നാടിനെയും രാഷ്ട്രീയ പാര്‍ട്ടികളെയും അപചയത്തി    ലാഴ്ത്തുന്ന കാഴ്ചയാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ജയലളിതയും മായാവതിയും, ലാലുപ്രസാദ് യാദവുമൊക്കെ. ഒരാള്‍ക്ക് ജീവിക്കാന്‍ എന്തുവേണം? പതിനായിരത്തില്‍ കൂടുതല്‍ സാരികളോ? നൂറുകണക്കിന് വാച്ചുകളോ? നൂറുകണക്കിന് ചെരുപ്പുകള്‍, ആയിരക്കണക്കിന് ഏക്കര്‍ തോട്ടങ്ങളും കൊട്ടാരസദൃശ്യമായ ബംഗ്ലാവുകളും ആവശ്യമുണ്ടോ?

ഇതെല്ലാം എവിടുന്ന് സമ്പാദിച്ചു. അധികാരത്തിമിര്‍പ്പില്‍ ഇതാരും ചോദ്യംചെയ്യപ്പെടില്ല എന്നു വിചാരിച്ചു. ഇന്‍ഡ്യയുടെ മൊത്തം ജനസാന്ദ്രതയില്‍ 40 ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ വസിക്കുന്ന ഒരു രാജ്യത്താണ് അധികാരമുപയോഗിച്ചുള്ള ഈ വ്യകതിയുടെ ധൂര്‍ത്തടി. അതും ജനസേവനത്തിന്റെ പേരില്‍.

jay1ദ്രാവിഡരാഷ്ട്രീയത്തിലെ പ്രാദേശിക സങ്കുചിതത്വവും വൈകാരികതയും മുതലെടുത്തു കൊണ്ടായിരുന്നു ദ്രാവിഡപാര്‍ട്ടികള്‍ 1967 മുതല്‍ തമിഴ്‌നാട്ടില്‍ ആധിപത്യം സ്ഥാപിച്ചത്. മുഖ്യമന്ത്രിമാരും മന്ത്രിസഭകളും മാറി മാറി വന്നെങ്കിലും തമിഴകത്ത് രാഷ്ട്രീയത്തില്‍ മാറാത്ത ഒന്നുണ്ടായിരുന്നു അഴിമതി. അഴിമതിയുടെ കാര്യത്തില്‍ തമിഴകത്ത് ജയലളിതയും കരുണാനിധിയും തമ്മില്‍ കിടമത്സരം തന്നെയായിരുന്നു.

അവര്‍ രണ്ടും ഒരുപോലെ കളങ്കിതരായിരാണ്. ജയലളിത ഒറ്റയ്ക്കാണ് അഴിമതിക്കുറ്റത്തിന് ജയിലിലായതെങ്കില്‍ കരുണാനിധി കുടുംബസമേതമാണ്  അഴിമതിക്കേസുകളില്‍ കുടുങ്ങിക്കിടക്കുന്നത്. 1991-96 കാലത്ത് ആദ്യമായി ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചു എന്ന കേസ്സിലാണ് ബാംഗ്ലൂരിലെ പ്രത്യേക വിചാരണ കോടതി ജയലളിതയെ നാല് വര്‍ഷം തടവിനും നൂറുകോടി രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചത്.

ഒരുപക്ഷേ അഴിമതിക്കേസിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ശിഷയാണ് വാദംകേട്ട പ്രത്യേക കോടതി നല്‍കിയത്. ഇനി അടുത്ത പത്ത് വര്‍ഷത്തേക്ക് ജയലളിതയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റില്ല. ബീഹാറിലെ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനും ഇതേ ശിക്ഷതന്നെ പക്ഷേ ഇത്ര കടുത്തതല്ല എന്നു മാത്രം. ജയലളിതയുടെ അതേ അനുഭവം മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മായാവതിക്കും സംഭവിക്കുമോ എന്നാണ് ജനം കാത്തിരിക്കുന്നത്. അതും അനധികൃത സ്വത്തു സമ്പാദനവും ധൂര്‍ത്തും ഒക്കെയാണ് വിഷയം.
കഴിഞ്ഞ 18 വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവിലാണ് ജയലളിതയ്ക്ക് ഈ കാരഗ്രഹ വാസത്തിന് അവസരമൊരുക്കിയത്. കോടതിവിധിയിലൂടെ രണ്ടാം തവണയും അധികാരത്തിലേറിയ ജയലളിത ഒരു ഡസനിലേറെ അഴിമതിക്കേസുകളെയാണ് അഭിമുഖീകരിച്ചത്. അതില്‍ പതിനൊന്നെണ്ണവും അധികാരവും സമ്പത്തും ഉപയോഗിച്ച് തലയൂരി. എന്നാല്‍ പന്ത്രണ്ടാമത്തേതില്‍ അടിതെറ്റി ചുവടു പിഴച്ചു.ഇരുമ്പഴിക്കുള്ളിലുമായി.

sasi1991-ല്‍ മുഖ്യമന്ത്രിയായിരിക്കെ ഒരു രൂപയേ ശമ്പളം പറ്റൂ എന്ന് പ്രഖ്യാപിച്ച ജയലളിത തമിഴ്‌നാട്ടില്‍ 2000 ഏക്കര്‍ സ്ഥലവും, ഹൈദ്രാബാദിലും ചെന്നൈയിലും ഫാം ഹൗസുകള്‍, നീലഗിരിയില്‍ തേയിലത്തോട്ടം, 28 കിലോഗ്രാം സ്വര്‍ണ്ണം, 10,500 സാരികള്‍, 750 ജോഡി ചെരുപ്പുകള്‍, 91 ബ്രാഡിനം വാച്ചുകള്‍ എന്നിവ സമ്പാദിച്ചുവെന്ന് ആരോപിച്ച് അന്ന് ജനതാ പാര്‍ട്ടി പ്രസിഡന്റായിരുന്ന സുബ്രമഹ്ണ്യന്‍ സ്വാമി നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചത്.

1997-ല്‍ വീണ്ടും ഡി.എം.കെ അധികാരത്തില്‍ വന്നപ്പോള്‍ തന്റെ ബദ്ധശത്രുവിനെതിരെ കരുണാനിധി അന്വേഷണം ശക്തമാക്കി. 2001-ല്‍ ജയലളിത വീണ്ടും അധികാരത്തില്‍ എത്തിയപ്പോള്‍ തമിഴ്‌നാട്ടില്‍ നിഷ്പക്ഷ വിചാരണ നടക്കില്ലെന്ന് കാണിച്ച് ഡി. എം. കെ നേതാവ് അന്‍പഴകന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി കേസ്സ് ബാഗ്ലൂരിലെ പ്രത്യേക കോടതിയിലേക്ക് മാറ്റുകയാണുണ്ടായത്. ഇതാണ് ജയലളിതയ്ക്ക് പറ്റിയ തിരിച്ചടി. പ്രധാനമന്ത്രി പദം വരെ മോഹിച്ച ജയലളിതയുടെ അന്ത്യം ഇവിടവസാനിക്കുന്നോ എന്നു തീര്‍ത്തു പറയാനാകില്ല. എങ്കിലും ലോകത്തിനു മുന്നില്‍ അഴിമതിക്കാരി എന്ന മുദ്രണം മായ്ക്കാനാകില്ല.

MGR1972-ല്‍ തന്റെ ഫാന്‍സ് അസ്സോസിയേഷന്റെ ശക്തിയില്‍ ഡി.എം.കെ യെ പിളര്‍ത്തി എം. ജി. ആര്‍ സൃഷ്ടിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് ആള്‍ ഇന്‍ഡ്യ അണ്ണാ ഡി. എം. കെ. അടിയന്തിരാവസ്ഥ ഉള്‍പ്പടെ എല്ലാ സമയത്തും കോണ്‍ഗ്രസിനെ പിന്‍തുണക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായി. 1976-ല്‍ അഴിമതിയെ തുടര്‍ന്നു കരുണാനിധി സര്‍ക്കാരിനെ പിരിച്ചുവിട്ടു. പകരം എം. ജി. ആര്‍ തമിഴകത്തെ ആദ്യ സിനിമതാരങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രി ആയി. പിന്നീടു എം ജി ആറിന്റെ മരണം വരെ കരുണാനിധി കാത്തിരിക്കേണ്ടിവന്നു വീണ്ടും രാഷ്ട്രീയമായ ഉയര്‍ച്ചയ്ക്ക്.

1987-ല്‍ എം ജി ആറിന്റെ ശവമഞ്ചത്തില്‍ നിന്നു തുടങ്ങുന്നു ജയലളിതയുടെ അധികാര കസേരയിലേക്കുള്ള വളര്‍ച്ച. അതവസാനിച്ചതോ പരപ്പന അഗ്രഹാര ജയിലറക്കുള്ളില്‍
ഒരുവശത്ത് അധികാരത്തിലൂടെ കോടികള്‍ സമ്പാദിച്ചപ്പോള്‍ സ്വന്തം വ്യക്തിത്വത്തിനുവേണ്ടി പൊതുഖജനാവില്‍ നിന്നു കോടികള്‍ ചിലവഴിച്ച് സാരിയും, കളര്‍ ടിവിയും, സൈക്കിളും കുപ്പിവെള്ളവും, വിലകുറച്ച് ആഹാരസാധനങ്ങളും നല്‍കി ജനതയെ കയ്യിലെടുത്ത് തന്റെ പാപം കളഞ്ഞുകൊണ്ടിരുന്നു.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ തമിഴകത്തെ മുഴുവന്‍ പാര്‍ട്ടികളെ നിഷ്പ്രഭരാക്കിക്കൊണ്ട് ജയലളിത വിജയക്കൊടി പാറിച്ചു. ജയലളിത ജയിച്ചതും ഭരിച്ചതുമെല്ലാം ജനാധിപത്യത്തിന്റെ ലേബലിലാണെങ്കിലും ഭരണത്തിലോ പാര്‍ട്ടിയിലോ അവര്‍ ജനാധിപത്യം അനുവദിച്ചിരുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരെയും മാധ്യമപ്രവര്‍ത്തകരെയും അവര്‍ പേടിപ്പിച്ചുനിറുത്തി. മാധ്യമപ്രവര്‍ത്തകരെ അസംബ്ലിയിലേക്കും പാര്‍ട്ടി ഓഫീസിലും പ്രവേശനം തന്നെ നിരോധിച്ചിരുന്നു.

mgr-jayalalithaഅപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥാ സമാനമായ ഒരു ഭരണശൈലി ആയിരുന്നു ജയലളിതയ്ക്ക്. സ്വന്തം ആഡംബര ജീവിതത്തിനുവേണ്ടി കോടികള്‍ ചെലവഴിക്കുക. ഡെല്‍ഹിയിലും അമേരിക്കയിലും യാത്രവേളയില്‍ സ്വന്തം കസേരയും കുളിക്കാനുള്ള റോസാപ്പൂനിറച്ച ബക്കറ്റുകളും ബ്യൂട്ടീഷനുകളെയും കൊണ്ടുപോവുക. പ്രത്യേക ഭക്ഷണം ഇതെല്ലാമുള്ള ഫ്യൂഡല്‍ ഭരണകര്‍ത്താവിന്റെ സവിശേഷതക്കുടമയായിരുന്നു അവര്‍. അവരുടെ പലനിലപാടുകളും രാഷ്ട്രീയ സത്യസന്ധതയും മര്യാദയും ഇല്ലാത്തതായിരുന്നു.

ഏറ്റവും ദുര്‍ഘടം നിറഞ്ഞ സമയത്ത് ജയലളിതയെ സംരക്ഷിച്ചത് കോണ്‍ഗ്രസ്സായിരുന്നു. എന്നാല്‍ ഏറ്റവും നിര്‍ണ്ണായകമായ  സമയത്ത് അവര്‍ കോണ്‍ഗ്രസ്സിനെ ചതിച്ചു. വാജ്‌പൈ സര്‍ക്കാറിനെതിരെ വോട്ടു ചെയ്തു പുറത്താക്കുന്നതിലും ബിജെപിയോടു അവര്‍ നെറികേടു കാണിച്ചു. അതുപോലെ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടികളോടും അവര്‍ ചതിക്കുകയാണുണ്ടായത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തെ ഇത്രയധികം ദ്രോഹിച്ച ഒരു മുഖ്യമന്ത്രി കൂടി ആയിരുന്നു ജയലളിത.
പൊതുമുതല്‍ കൊള്ളയടിക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ രാഷ്ട്രീയത്തിന് ഒന്നും ചെയ്യാനാവില്ലെന്ന വസ്തുതയാണു ഈ കോടതി വിധി. രാഷ്ട്രീയാധികാരം ഉപയോഗിച്ച് അഴിമതിനടത്തിയാല്‍ അഴി എണ്ണേണ്ടിവരും എന്ന് ഉറപ്പായാല്‍ മാത്രമേ നമ്മുടെ ജനാധിപത്യത്തിനു ഒരു അര്‍ത്ഥമുണ്ടെന്നു പറയാനാവൂ. ആ നിലയ്ക്ക് ഈ കോടതിവിധി ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിനു കിട്ടുന്ന പ്രതീക്ഷയാണ്.

അഴിമതിക്കുള്ള താക്കീതും. ഇനിയുള്ള നാളുകളില്‍ കുറ്റവാളി എന്ന നിലയിലുള്ള അവരുടെ പരിമിതി ജയലളിതയുടെ ഭാവിക്കുമാത്രമല്ല തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പ്രതിഫലിക്കും. പിന്നില്‍ നിന്നു കടിഞ്ഞാണേന്തി ഏറെക്കാലം ഒരു ഭരണാധികാരിക്കും ഭരിക്കാനാവില്ല.