കോട്ടയത്ത് അഗ്നിശമന സേന ഓഫീസ്‌ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു

single-img
29 September 2014

fireകോട്ടയത്തെ അഗ്നിശമന സേന ഓഫീസ്‌ കെട്ടിടത്തിന്റെ മേല്‍ക്കൂര  തകര്‍ന്നുവീണു. ഇന്ന്‌ രാവിലെയാണ്‌ കണ്‍ട്രാള്‍ റൂം പ്രവര്‍ത്തിക്കുന്ന മുറിയുടെ സീലിംഗ്‌ അടര്‍ന്നു താഴെ വീണത്‌.

ഒരാള്‍ക്കു നിസാര പരുക്കേറ്റു. ശബ്‌ദം കേട്ട്‌ ഓടിമാറിയതിനെ തുടര്‍ന്ന്‌ രണ്ടുപേര്‍ രക്ഷപ്പെട്ടു.കാലപ്പഴക്കത്തെ തുടര്‍ന്ന്‌ ആണ് മേല്‍ക്കൂര  തകര്‍ന്നു വീണത് .എന്നാൽ  തകര്‍ന്നു വീണ സീലിംഗ്‌ കറങ്ങിക്കൊണ്ടിരുന്ന ഫാനില്‍ തട്ടി ചിതറി തെറിച്ചതുമൂലം വന്‍ അപകടം ഒഴിവായി.

ലീഡിംഗ്‌ ഫയര്‍മാന്‍ വി.ഷാബുവിന്റെ ഇടതു കൈക്കാണു നിസാര പരുക്കേറ്റത്‌. ഫയര്‍മാന്‍ കെ.ടി.സലി, ഡ്രൈവര്‍ ജോട്ടി പി. ജോസഫ്‌ എന്നിവര്‍ ഓടി മാറി. സീലിംഗും ഒപ്പം അടര്‍ന്നു വീണ ട്യൂബ്‌ ലൈറ്റും കറങ്ങിക്കൊണ്ടിരുന്ന ഫാനിന്റെ ചിറകില്‍ തട്ടി ചിതറിതെറിച്ചു.

അതേസമയം പഴയ കെട്ടിടത്തിന്റെ മുകളിലേക്കു പുതിയ മുറികള്‍ നിര്‍മ്മിച്ചതോടെ ഭാരം വര്‍ധിച്ചതാണു സീലിംഗ്‌ അടര്‍ന്നു വീഴാന്‍ കാരണമെന്നാണു പൊതുമരാമത്ത്‌ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.

സംഭവസ്‌ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത്‌ അധികൃതര്‍ കണ്‍ട്രോള്‍ റൂം മാറ്റണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്‌. സ്‌റ്റേഷനിലെ ഓഫീസറുടെ മുറി ഉള്‍പ്പെടുന്ന കെട്ടിടം കാലപ്പഴക്കം മൂലം തകര്‍ച്ചയിലാണെന്നു ചൂണ്ടിക്കാട്ടി 2010 മുതല്‍ പൊതുമരാമത്തു കെട്ടിട വിഭാഗത്തിനു കത്തു നല്‍കിവരുന്നതാണെങ്കിലും നടപടിയൊന്നുമുണ്ടാകുന്നില്ലെന്നു ജീവനക്കാര്‍ പറയുന്നു.