കതിരൂരിൽ ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവം: സി.ബി.ഐ അന്വേഷണം ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

single-img
26 September 2014

raj കതിരൂരിൽ ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവത്തിൽ  സി.ബി.ഐ അന്വേഷണം  ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് . രാഷ്ട്രീയ കൊലപാതകങ്ങളെ സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിന് കേരള സർക്കാർ നടപടി സ്വീകരിക്കണം എന്നും  കേരളത്തിൽ ബി.ജെ.പിയുടെ വളർച്ചയിലുള്ള അസൂയയാവാം ബി.ജെ.പി പ്രവർത്തകരെ കൊലപ്പെടുത്തുന്നതിന് പിന്നിൽ എന്നും  അദ്ദേഹം പറഞ്ഞു.

മനോജിന്റെ കൊലപാതകം നിർഭാഗ്യകരമായിപ്പോയി. പ്രത്യയശാസ്ത്രങ്ങൾ വ്യത്യസ്തമാണെന്ന  കാരണം കൊണ്ട് എതിരാളികളെ കായികമായി ആക്രമിക്കുന്നത് ശരിയായ രീതിയല്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

ജനങ്ങൾക്ക് ഭയമില്ലാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. അതിന് രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്തിയേ മതിയാവൂ. അക്രമം ഒന്നിനും പരിഹാരമല്ല.

സ്വതന്ത്രമായി അഭിപ്രായം പറയാനും രാഷ്ട്രീയ പ്രവർത്തനം നടത്താനുമുള്ള സാഹചര്യം ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണ്. എന്നും അദ്ദേഹം  പറഞ്ഞു. കതിരൂരിൽ സി.പി.എം പ്രവർത്തകർ വെട്ടിക്കൊന്ന  മനോജിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.