എട്ടുവയസ്സുകാരിയായ മകളെ തിളച്ച എണ്ണയൊഴിച്ച് പൊള്ളലേല്‍പ്പിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

single-img
24 September 2014

21645_612204എട്ടുവയസ്സുകാരിയായ മകളെ തിളച്ച എണ്ണയൊഴിച്ച് പൊള്ളലേല്‍പ്പിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തവനൂര്‍ തൈവളപ്പില്‍ ഹക്കിം(ബാബു)നെയാണ് കരിപ്പൂര്‍ പോലീസ് പിടികൂടിയത്.

കരിപ്പൂര്‍ കുമ്മിണിപ്പറമ്പില്‍ വാടകക്ക് താമസിക്കവേ അഞ്ച് മാസം മുമ്പാണ് മകള്‍ റോഷ്‌നയെ ഇയാള്‍ തിളച്ചയെണ്ണയൊഴിച്ച് പൊള്ളിച്ചത്. എന്നാല്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ മുങ്ങുകയായിരുന്നു.
കുമ്മിണിപ്പറമ്പില്‍ നിന്ന് വേങ്ങരയിലേക്ക് താമസം മാറിയ ഇയാള്‍ പിന്നീട് അഗളി വഴി തമിഴ് നാട്ടിലേക്ക് കടന്നു. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ ഹക്കിം തമിഴ്‌നാട്ടില്‍ വച്ച് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തശേഷം നാട്ടില്‍ തിരികെയെത്തി.

ഹക്കിം കോട്ടയ്ക്കലെത്തിയിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കരിപ്പൂര്‍ എസ്.ഐയും സംഘവും അവിടെയെത്തി. മിംസ് ആസ്പത്രിയുടെ പരിസരത്ത് നിന്ന് കോട്ടയ്ക്കല്‍ പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു.

മകളെ കരുതിക്കൂട്ടി പൊള്ളിച്ചതല്ലെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. വീട്ടില്‍ പോത്തിറച്ചി പൊരിക്കുന്നതിനിടെ കരിഞ്ഞതിനെ തുടര്‍ന്ന് എണ്ണ പുറത്തേക്കൊഴിച്ചപ്പോള്‍ മകളുടെ ദേഹത്ത് പതിച്ചെന്നാണ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍ ഇത് പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഹക്കിമിനെതിരെ കൊലപാതകത്തിനും ജുവൈനല്‍ നിയമപ്രകാരവുമാണ് കേസെടുത്തത്. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.