പ്ലസ് ടു തോറ്റ പെണ്‍കുട്ടി എം.ബി.ബി.എസിന് അഡ്മിഷന്‍ നേടി ആരും അറിയാതെ ഒരാഴ്ച ക്ലാസില്‍ ഇരുന്നു; അലോട്ട്‌മെന്റ് ലെറ്റര്‍ നിര്‍മ്മിച്ചു കൊടുത്തത് 17 വയസ്സുകാരന്‍

single-img
24 September 2014

Medical tools and doctor's lab coat as a backgroundപ്ലസ് ടു സര്‍ട്ടിഫിക്കറ്റും എം.ബി.ബി.എസ് അലോട്ട്‌മെന്റ് ലെറ്ററും വ്യാജമായി ഉണ്ടാക്കി എംബിബിഎസ് പഠനം നടത്തിയപെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്ലസ് ടു സര്‍ട്ടിഫിക്കറ്റും അലോട്ട്‌മെന്റ് ലെറ്ററും വ്യാജമായി ഉണ്ടാക്കി പെണ്‍കുട്ടിയെ സഹായിച്ച 17കാരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ സുഹൃത്തും മണക്കാടു സ്വദേശിയുമായ പതിനേഴുകാരന്റെ സഹായത്തോടെയാണ് പ്ലസ് ടു വിജയിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത്.

തിരുവനന്തപുരം മുട്ടത്തറ സ്വദേശിനിയായ ഗോപികയാണ് പ്ലസ് ടു തോറ്റിട്ടും എം.ബി.ബി.എസിന് അഡ്മിഷന്‍ നേടി സംസ്ഥാനത്തെ വിസ്മയിപ്പിച്ചത്. ഗോപിക താന്‍ ജയിച്ചുവെന്നാണു വീട്ടില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് എന്‍ട്രന്‍സ് കോച്ചിംഗിനു വേണ്ടി വീട്ടില്‍ നിന്നു പണം വാങ്ങി ഒരു വര്‍ഷത്തോളം പരിശീലനം നടത്തുകയും ശചയ്തിരുന്നു. എന്‍ട്രന്‍സ് പരീക്ഷ പാസായെന്നായിരുന്നു മാതാപിതാക്കളും വിശ്വസിച്ചിരുന്നത്.

എംബിബിഎസ് ഒന്നാം വര്‍ഷ ക്ലാസിലെ കുട്ടികളോടെല്ലാം പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്‌മെന്റ് ലെറ്റര്‍ കൊണ്ടുവരാന്‍ കോളജില്‍ നിന്നു നിര്‍ദേശിച്ചതനുസരിച്ച് വ്യാജരേഖ സമര്‍പ്പിച്ച പെണ്‍കുട്ടിയുടെ അലോട്ട്‌മെന്റ് ലെറ്റര്‍ നമ്പരില്‍ മറ്റൊരു കുട്ടികൂടി പ്രവേശനം നേടിയതായി വ്യക്തമായതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്. തന്റെ ഹാജര്‍ രേഖപ്പെടുത്തണമെന്ന ആവശ്യവുമായി പെണ്‍കുട്ടി സമീപിച്ചപ്പോഴാണു കോളജ് അധികൃതര്‍ പരിശോധന നടത്തിയത്.

കംപ്യൂട്ടര്‍ വിദഗ്ധനായ സുഹൃത്തിന്റെ സഹായത്തോടെ എന്‍ട്രന്‍സ് കമ്മീഷണറേറ്റില്‍ നിന്നു പ്രവേശനത്തിനായി അയയ്ക്കുന്ന തരത്തിലുള്ള കോള്‍ ലെറ്ററും തയാറാക്കി. മറ്റൊരു വിദ്യാര്‍ഥിയുടെ കോള്‍ലെറ്റര്‍ സ്‌കാന്‍ ചെയ്‌തെടുത്തശേഷം കളര്‍ പ്രിന്റെടുത്ത് അതില്‍ ഈ വിദ്യാര്‍ഥിനിയുടെ പേര് ചേര്‍ക്കുകയായിരുന്നു.

കോളജ് അധികൃതര്‍ തട്ടിപ്പ് വ്യക്തമായതിനെ തുടര്‍ന്നു മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്കി. മെഡിക്കല്‍ കോളജ് പ്രവേശനത്തിനു പെണ്‍കുട്ടി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നു പോലീസിനു വ്യക്തമായി. തുടര്‍ന്നു പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.