ട്രഷറികളില്‍ ഒക്ടോബര്‍ 15 വരെ നിയന്ത്രണം

single-img
21 September 2014

images (1)ചെലവ് നിയന്ത്രിക്കായിനായി ട്രഷറികളില്‍ ഒക്ടോബര്‍ 15 വരെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇനി മുതൽ വകുപ്പുമേധാവികള്‍ മുന്‍കൂട്ടി അറിയിക്കുന്ന ചെലവുകളില്‍ ധനവകുപ്പ് അംഗീകരിക്കുന്നവയ്ക്കുമാത്രമേ ട്രഷറികളില്‍ നിന്ന് പണം ലഭിക്കൂ. അത്യാവശ്യ ചെലവുകള്‍ക്ക് പണമില്ലാതെവരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നിയന്ത്രണമെന്നും ഉത്തരവില്‍ പറയുന്നു.

 
ഇതിനിടെ, കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിച്ച നികുതിവര്‍ധന നടപ്പാക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് അടുത്ത മന്ത്രിസഭായോഗം അംഗീകരിക്കും. ഗവര്‍ണര്‍ ഒപ്പിട്ടാലേ ഇതിന് പ്രാബല്യമുണ്ടാവൂ. ഓര്‍ഡിനന്‍സ് തീയതിമുതല്‍ പുതിയ നികുതികള്‍ നിലവില്‍വരും. ഇപ്പോള്‍ പ്രഖ്യാപിച്ച നികുതികള്‍ പിരിക്കാന്‍ കേരള മുദ്ര നിയമം, മൂല്യവര്‍ധിത നികുതി നിയമം, ആഡംബര നികുതിനിയമം, ഭൂനിയമം തുടങ്ങിയ പല നിയമങ്ങളിലും ഭേദഗതി വരുത്തേണ്ടതുണ്ട്.

 

ഈ മാസം 21 വരെ വലിയ തുകയ്ക്കുള്ള ബില്ലുകള്‍ മാറുന്നതിന് ട്രഷറികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അത്യാവശ്യ ചെലവുകള്‍ക്ക് പണമില്ലാതെ ഖജനാവ് ഓവര്‍ഡ്രാഫ്റ്റിലാവുന്നത് തടയാനാണ് വകുപ്പുകളുടെ ചെലവുകള്‍ മുന്‍കൂട്ടി അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.