പത്മിനി പ്രകാശ് ചരിത്രത്തിലേക്ക്; രാജ്യത്തെ വാര്‍ത്താ അവതാരകയായ ആദ്യത്തെ ഹിജഡ

single-img
19 September 2014

padminiപത്മിനി പ്രകാശ് എന്ന 31കാരി ചരിത്രത്തിലേക്ക് നടന്നുകയറുകയാണ്, വാര്‍ത്താ അവതാരകയായ രാജ്യത്തെ ആദ്യത്തെ ഹിജഡ എന്ന നിലയില്‍. ക്രൂര വിമര്‍ശനങ്ങളുടെയും പരിഹാസങ്ങളുടെയും നടുവില്‍ നിന്ന് തന്റേതായ വ്യക്തിത്വം സൃഷ്ടിച്ച് സാമൂഹികപരമായും വ്യക്തിപരമായും ഇക്കാലം വരെ തനിക്കെതിരെ നിലനിന്നിരുന്ന ിരുട്ടിനോട് പടപൊരുതി വിജയിക്കാനാകും എന്നു തെളിയിച്ചിരിക്കുകയാണ് അവര്‍.

കഴിഞ്ഞ ഈ സ്വാതന്ത്രദിനത്തിലെ 7മണിയ്ക്കുള്ള ലോട്ടസ് വാര്‍ത്താ ചാനലിലെ ടെലിപ്രോംപ്റ്ററിലാണ് സീരിയല്‍ അഭിനേത്രിയായിരുന്ന പത്മിനി വാര്‍ത്താ അവതാരകയുടെ റോള്‍ ആരംഭിച്ചത്. മൂന്നാം ലിംഗക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടിയും വിവേചനങ്ങള്‍ക്കും മാനസിക പീഡനങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിച്ച വ്യക്തികൂടിയാണ് പത്മിനി.

കോയമ്പത്തൂരിലെ ആര്‍.എസ് പുരം സ്വദേശിനിയായ പത്മിനി ബി.കോമിന് പഠിക്കുന്ന സമയത്താണ് വീട്ടുകാരുമായുള്ള ബന്ധവും കോളേജും ഉപേക്ഷിച്ച് മൂന്നാം ലിംഗത്തില്‍ തുടരാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോട്ടസ് ന്യൂസ് ചാനലിലെ വൈകീട്ട് 7 മണി ബുള്ളറ്റിന്റെ സ്ഥിരം അവതാരികയാണ് അവര്‍.

വാര്‍ത്താ അവതരണത്തിന്റെ തുടക്കത്തില്‍ താന്‍ വളരെ സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് പത്മിനി പറയുന്നു. തന്റെ സംസാരം മറ്റുള്ളവര്‍ക്കു മനസിലാകുമോ എന്നും പറയുന്നതില്‍ വ്യക്തതയുണ്ടോ എന്നും ആലോചിച്ചായിരുന്നു ഭയപ്പെട്ടിരുന്നത്. പക്ഷേ വാര്‍ത്താ ആവതരണത്തിനു ശേഷം സഹപ്രവര്‍ത്തകരും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങളും പ്രശസ്ത മാധ്യമപ്രവര്‍ത്തകരുമെല്ലാം വിളിച്ച് അഭിനന്ദിച്ചതായും അവര്‍ പറഞ്ഞു.