പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമലയില്‍ ദര്‍ശനത്തിനെത്തിയേക്കും

single-img
17 September 2014

images (4)ഈ വരുന്ന മണ്ഡല-മകരവിളക്ക് കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഏതെങ്കിലും ഒരു ദിവസം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയേക്കും എന്ന്  സൂചനകള്‍. തുലാമാസപൂജകള്‍ക്ക് നട തുറക്കുമ്പോള്‍ എത്തുംവിധം അദ്ദേഹത്തിന്റെ സന്ദര്‍ശനം ക്രമീകരിക്കാനാണ് സംസ്ഥാന ബി.ജെ.പി. നേതൃത്വം ഉദ്ദേശിച്ചിരുന്നതെങ്കിലും അത് നടന്നില്ല.

 
ഒട്ടേറെ സുരക്ഷാ, യാത്രാ ക്രമീകരണങ്ങള്‍ ചെയ്യേണ്ടതുള്ളതിനാലാണ് തുലാമാസദര്‍ശനവും സന്ദര്‍ശനവും മാറ്റി ആലോചിക്കേണ്ടിവന്നത്.മോദി ശബരിമലയില്‍ എത്തണമെന്ന് ആഗ്രഹിച്ച സംസ്ഥാന നേതൃത്വംതന്നെയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നപ്പോള്‍ത്തന്നെ മോദിയെ ഇക്കാര്യം ധരിപ്പിച്ചിരുന്നു. അദ്ദേഹം സമ്മതവും പറഞ്ഞിരുന്നു. ശബരിമല സംബന്ധിച്ചുള്ള മുഴുവന്‍ കാര്യങ്ങളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഇടത്താവളങ്ങള്‍, ശബരിമലയിലേക്കുള്ള പാതകള്‍, ശബരിറെയില്‍വേ, പ്രധാന ഇടങ്ങളായ എരുമേലി, പന്തളം എന്നിവയുടെ സമഗ്രവിവരം നല്‍കണം.

 
പമ്പാ പുനരുജ്ജീവനവും ഇതോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ മുന്നിലെത്തിക്കും. ഗംഗാ പുനരുജ്ജീവന മാതൃകയില്‍ പമ്പയ്ക്ക് വേണ്ട ഒരു പദ്ധതി തയ്യാറാക്കുകയാണ് ലക്ഷ്യം.ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രമായ ശബരിമലയില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയെത്തിക്കാനും വേണ്ട സഹായങ്ങള്‍ ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്. സന്ദര്‍ശനം യാഥാര്‍ഥ്യമായാല്‍ ശബരിമലയില്‍ എത്തുന്ന ആദ്യ പ്രധാനമന്ത്രിയാകും മോദി.