ജമ്മു കശ്മീർ പ്രളയം:വെള്ളം ഇറങ്ങിതുടങ്ങി,കുടുങ്ങിക്കിടന്ന 2,26,000 പേരെ രക്ഷപ്പെടുത്തി

single-img
16 September 2014

valley2_650_091514044827പ്രളയത്തില്‍ മുങ്ങിയ ജമ്മു കശ്മീരില്‍ പലയിടത്തും വെള്ളം ഇറങ്ങിതുടങ്ങി. പ്രളയം കൂടുതല്‍ ബാധിച്ച രാജ്ബാഗ്, ജവഹര്‍നഗര്‍ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഒ.എന്‍.ജി.സി.യുടെ സഹായത്തോടെ ശ്രമം തുടങ്ങി. ഇവിടെ പലപ്രദേശങ്ങളും ഇപ്പോഴും പത്തടിയോളം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്.

 
പകര്‍ച്ചവ്യാധിഭീഷണിയിലാണ് ഇപ്പോള്‍ സംസ്ഥാനമെന്ന് സുരക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പ്രതിരോധസേനയുടെ വക്താവ് ഉത്തരമേഖല കമാന്‍ഡ് കേണല്‍ എസ്.ഡി.ഗോസ്വാമി പറഞ്ഞു. എങ്ങും ശുദ്ധജലദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് കുടിവെള്ളമെത്തിക്കാന്‍ ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നായി 24 ശുദ്ധജല പ്ലാന്റ് ശ്രീനഗറിലെത്തിച്ചതായി അദ്ദേഹം പറഞ്ഞു. 40,000 കമ്പിളികള്‍ പ്രളയബാധിത മേഖലകളില്‍ എത്തിച്ചു.

 
സായുധസേനയുടെ മെഡിക്കല്‍ വിഭാഗത്തിലെ 80 സംഘം പ്രദേശങ്ങളില്‍ ക്യാമ്പ്‌ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നാല് സൈനിക ആശുപത്രി കളും തുറന്നു. വ്യോമസേനയുടെ 80 വിമാനങ്ങളും ഹെലികോപ്ടറുകളും ഒറ്റപ്പെട്ടവരെ സുരക്ഷിതസ്ഥാനങ്ങളിലെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നുണ്ട്.11 ദിവസമായി മുടങ്ങിക്കിടക്കുന്ന റെയില്‍ സര്‍വീസ് തിങ്കളാഴ്ച ചിലയിടത്ത് പുനരാരംഭിച്ചു.

 
പലയിടത്തും റെയില്‍വേ ട്രാക്കുകളും സ്റ്റേഷനുകളും അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞിരിക്കയാണ്. ഇവര്‍ക്കായി പ്രത്യേക തീവണ്ടികളോടിക്കും. സൗജന്യ ടിക്കറ്റുകളും നല്‍കും. പ്രളയത്തെത്തുടര്‍ന്ന് രീസി ജില്ലയില്‍പ്പെട്ട കത്രയിലെ പ്രശസ്തമായ നവരാത്രി ആഘോഷങ്ങള്‍ ഇത്തവണ വേണ്ടെന്നുവെച്ചു.അതിനിടെ സര്‍ക്കാര്‍ ജീവനക്കാരോട് ഉടന്‍ ജോലിക്ക് ഹാജരാവാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി.

 
നഗരം പ്രധാന ഓഫീസ് കെട്ടിടങ്ങളുമെല്ലാം ഇപ്പോഴും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. ഈ അവസരത്തില്‍ ഉടന്‍ ജോലിക്ക് ഹാജരാവാന്‍ ആവശ്യപ്പെടുന്നത് നീതീകരിക്കാനാകാത്തതാണെന്ന് ജീവനക്കാര്‍ പരാതിപ്പെട്ടു.അതേസമയം സൈന്യവും മറ്റ് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് വിവിധഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന 2,26,000 പേരെ ഇതിനകം രക്ഷപ്പെടുത്തി.