വിവാദങ്ങളുടെ ഓണക്കാലം

single-img
5 September 2014

ജി. ശങ്കര്‍

 
onam-greetings‍കേരളീയര്‍, വര്ഷത്തിലൊരിക്കല്‍ വരുന്ന മാവേലിമന്നനെ വരവേല്‍ക്കാനുള്ള സന്തോഷത്തിലും ആര്‍ഭാടങ്ങളിലും മുഴുകിയിരിക്കുമ്പോള്‍ കാലാവസ്ഥയിലും ഭരണതലത്തിലും കറുത്ത മേഘപടലങ്ങള്‍കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ അഴിമതിയുടേയും സ്വജനപക്ഷപാത രാഷ്ട്രീയത്തിന്റെയും കാര്‍മേഘങ്ങള്‍ കൊണ്ടു മൂടപ്പെട്ടിരിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു ശനിദശാകാലം എന്നുവേണം പറയാന്‍. മദ്യനയമായാലും വിദ്യാഭ്യാസ കച്ചവടമായാലും, ടൈറ്റാനിയം കേസ്സായാലും, പാമോയില്‍ കേസ്സായാലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഓണക്കാലം അഴിമതി ആരോപണങ്ങളുടെ ആഘോഷകാലമാണ്. മദ്യനിരോധനം മദ്യവിസര്‍ജ്ജനമായാലും ഇപ്രാവശ്യം മാവേലിക്ക് കേരളം സന്ദര്‍ശിക്കാനെത്തുമ്പോള്‍ കുറെ പാമ്പുകളേയും കാണാം. ബാറുകളിലും സന്ദര്‍ശനം നടത്താം. അടുത്തവര്‍ഷത്തെ കാര്യം പിന്നീട് ആലോചിക്കാം. എന്തായാലും മലയാളിക്ക് ഓണക്കാലം എല്ലാതലത്തിലും ആഘോഷിക്കാം. അതിനിടയില്‍ ഹര്‍ത്താലിനും കുറവില്ല. ഓണം എന്തുകൊണ്ടും പൊടിപൂരം.

modiമലയാളികള്‍ ഓണം ആഘോഷിക്കുമ്പോള്‍ നമ്മുടെ മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ 100 ദിവസംകൂടി പിന്നിട്ടിരിക്കുന്നു. മോദി സര്‍ക്കാരിനും കഴിഞ്ഞ 100 ദിനങ്ങല്‍ അത്ര ആശ്വാസ്യജനകമല്ല. അമ്പിളിമാമനെ ഇപ്പോള്‍ പിടിച്ചുതരാം എന്നൊക്കെയായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. പക്ഷെ, കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ മോദിക്ക് കാര്യമായ മറ്റങ്ങളൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നുമാത്രമല്ല, അവിടെയും വിവാദങ്ങളും വിഭാഗീയതയും ഭരണരംഗത്തും പാര്‍ട്ടിരംഗത്തും നിറഞ്ഞുനില്‍ക്കുന്നു.

modi_jaitleyനരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ 100 ദിനങ്ങള്‍ ഭരണതലത്തില്‍ വലിയ മാറ്റമുണ്ടായിട്ടില്ലെങ്കിലും ഭരണസംവിധാനത്തില്‍ ചില അച്ചടക്ക നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നു വിലയിരുത്തപ്പെടുന്നു. അതേസമയം ഒട്ടേറെ വിവാദങ്ങളും പരാജയങ്ങളും സംഭവിച്ചിട്ടുണ്ട്. ഒരു പുതിയ ഗവണ്‍മെന്റിനെ 100 ദിവസംകൊണ്ട് വിലയിരുത്തപ്പെടുന്നതില്‍ അര്‍ത്ഥമില്ലെങ്കിലും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം 100 ദിവസത്തിനകം മോദി സര്‍ക്കാരിന്റെയും ബി.ജെ.പി. യുടെയും ജനപ്രിയത പരീക്ഷിക്കുന്നതിനുള്ള അവസരം ജനങ്ങള്‍ക്ക് ലഭിച്ചു. അതവര്‍ വിനിയോഗിച്ചു. ഫലമോ? മോദി സര്‍ക്കാരിനെതിരെയുള്ള ഒരു വിലയിരുത്തലായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 21 ന് നാല് സംസ്ഥാനങ്ങളിലായി 18 അസംബ്ലി സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. യ്ക്ക് ലഭിച്ച് കനത്ത പരാജയമായിരുന്നു അത്. കഴിഞ്ഞ മെയ് മാസത്തെ ലോകസഭ തെരഞ്ഞെടുപ്പ് ഫലം നോക്കുമ്പോള്‍ ഈ ഉപതെരഞ്ഞെടുപ്പുകള്‍ ബി.ജെ.പി. സഖ്യം തൂത്തുവാരേണ്ടതായിരുന്നു. ബീഹാറില്‍ 10 സീറ്റുകളില്‍ 4 ഇടത്തുമാത്രമേ ബി.ജെ.പി. സഖ്യത്തിന് ജയിക്കാന്‍ കഴിഞ്ഞുള്ളൂ. അതുപോലെ കര്‍ണ്ണാടകത്തിലും, പഞ്ചാബിലും ഹരിയാനയിലുമെല്ലാം ബി.ജെ.പി. യ്ക്ക് സീറ്റുകള്‍ നഷ്ടമായി. അതിനുമുമ്പ് ഛത്തീസ്ഗഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനാണ് ജയിക്കാന്‍ സാധിച്ചത്. നേരത്തെ കോണ്‍ഗ്രസ്സിനെതിരെ ബി.ജെ.പി. മഹാസഖ്യമുണ്ടാക്കിയിരുന്നത് ഇപ്പോള്‍ അതേ സഖ്യം ബി.ജെ.പി. യ്‌ക്കെതിരെ തിരിഞ്ഞതാണ് പരാജയത്തിന് കാരണമായത്.

നരേന്ദ്രമോദിയുടെ ചില ഭരണപരിഷ്‌ക്കാരങ്ങളും ബി.ജെ.പി. സംഘടനയ്ക്കകത്തുണ്ടാക്കിയ ഏകാധിപത്യ പ്രവര്‍ത്തനരീതികളും മോദി സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കാന്‍ പ്രതിപക്ഷത്തിനവസരം ലഭിച്ചു എന്നതും ശ്രദ്ധേയമാണ്. അതില്‍ പ്രധാനമാണ് ആസൂത്രിത കമ്മീഷന്‍ വേണ്ടെന്നുവയ്ക്കുക, ചില മുന്‍ സുപ്രീംകോടതി ജഡ്ജിമാരെ ഗവര്‍ണറാക്കുക, സുപ്രീംകോടതി കോളീജിയത്തിന്റെ അധികാരത്തെ വെട്ടിച്ചുരുക്കുക. അദ്ധ്യാപക ദിനത്തില്‍ സ്‌കൂളുകളില്‍ തന്റെ പ്രസംഗം കേള്‍ക്കാന്‍ എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ ഹാജരാകുക തുടങ്ങിയ വിഷയങ്ങള്‍ വലിയ ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനമായിരിക്കുന്നത് ഗവര്‍ണ്ണര്‍ നിയമനവും ആസൂത്രിത കമ്മീഷന്‍ പിരിച്ചുവിടലുമാണ്.

imagesകേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ നരേന്ദ്രമോദി സര്‍ക്കാര്‍ മാറ്റുകയുണ്ടായി. എന്നാല്‍ കേരളത്തിലെ പുതിയ ഗവര്‍ണരുടെ നിയമനമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായി മാറിയിട്ടുള്ളത്. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസിനെയാണ് കേരള ഗവര്‍ണ്ണറായി പുതുതായി നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെ പല പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും അഖിലേന്ത്യാ ബാര്‍ അസോസ്സിയേഷനും കേരളസര്‍ക്കാരും എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയും വന്‍ ചര്‍ച്ചാവിഷയമായി മാറിയിട്ടുണ്ട്. വിരമിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് ഇത്തരം പദവികള്‍ നല്‍കുന്നതിനെതിരെ അന്നു പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി. എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ നീക്കത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ബാര്‍ അസോസിയേഷന്‍ ആലോചിക്കുന്നു. ഇപ്പോള്‍ ജസ്റ്റീസ് സദാശിവത്തെ ഗവര്‍ണറാക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അഭീഷ് സി. അഗര്‍വാളുടെ അഭിപ്രായം.

മുന്‍കാലങ്ങളില്‍ നടന്നതുപോലെ ഇപ്പോഴും കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തവരെ പുകച്ച് പുറത്തുചാടിക്കുകയും ഇഷ്ടപ്പെട്ടവരെ ഗവര്‍ണര്‍മാരാക്കുകയും ചെയ്യുന്നു. സമീപകാലത്ത് നടന്ന സംഭവവികാസങ്ങളിലൂടെ കേരള ഗവര്‍ണറായി വന്ന ഷീല ദീക്ഷിത്ത് മുതല്‍ ശങ്കരനാരായണന്‍ വരെയുള്ളവര്‍ രാജ്ഭവന്‍ വിട്ടൊഴിയേണ്ടിവന്നു. പഴയ ചരിത്ര സത്യങ്ങള്‍ മോദിസര്‍ക്കാരും തുടരുന്നു എന്നുവിശേഷിപ്പിക്കാം. ഇന്‍ഡ്യന്‍ ഭരണഘടനയുടെ 157-ാം അനുച്ഛേദമനുസരിച്ച് 35 വയസ്സ് കഴിഞ്ഞ ഏതൊരു ഇന്‍ഡ്യന്‍ പൗരനും ഗവര്‍ണറാകാനുള്ള യോഗ്യതയുണ്ട്. 159-ാം വകുപ്പനുസരിച്ച് ഇന്‍ഡ്യന്‍ ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് സദാശിവത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ടത് കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസായിരിക്കും. 60-ാം അനുച്ഛേദമനുസരിച്ച് ഇന്‍ഡ്യന്‍ പ്രസിഡന്റിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റീസ് പിന്നീട് റിട്ടയര്‍ ചെയ്തതിനുശേഷം ഒരു സംസ്ഥാനത്തെ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്ന രംഗം വിചിത്രവും അസുഖകരവുമായിരിക്കും എന്നാണ് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.

modiപ്രധാനമന്ത്രി മോദിയുടെ മറ്റൊരു തീരുമാനമാണ് ഇന്‍ഡ്യന്‍ സ്വാതന്ത്ര്യത്തിനുശേഷം ആറു പതിറ്റാണ്ടായി തുടരുന്ന ആസൂത്രണ കമ്മീഷന് പകരം പുതിയ സംവിധാനം കൊണ്ടുവരുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം. പകരം ഏത് സംവിധാനം എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയും ഇല്ല. സാമ്പത്തിക വളര്‍ച്ചയിലും വികസനത്തിലും സര്‍ക്കാരിനും പൊതുമേഖലയ്ക്കും മുഖ്യപങ്കാളിത്തമുണ്ടായിരുന്നപ്പോഴാണ് ആസൂത്രിത കമ്മീഷന്റെ പ്രസക്തി ഏറിയിരുന്നത്. ഭരണഘടനാപരമായ അധികാരമില്ലാതെ സര്‍ക്കാരിന്റെ ഉത്തരവിലൂടെ രൂപവല്‍ക്കരിച്ച സ്ഥാപനമാണ് ആസൂത്രിത കമ്മീഷന്‍. രാജ്യത്തിന്റെ ആസൂത്രണ പ്രക്രിയയില്‍ സുപ്രധാന പങ്കു വഹിച്ചിരുന്നതിനാല്‍ സമാന്തര മന്ത്രിസഭ എന്നപോലെയും സൂപ്പര്‍ കാബിനറ്റ് എന്നപോലെയും കമ്മീഷന്‍ പെരുമാറുന്നു എന്ന വിമര്‍ശനവും ഉണ്ടായി. എന്നാല്‍ മറ്റൊരു മാറ്റത്തിലേക്കു പോകുമ്പോള്‍ അതിലേക്കുണ്ടാവേണ്ട വിശദമായ കൂടിയാലോചനകളും അഭിപ്രായ സമന്വയവും ഇക്കാര്യത്തില്‍ ഉണ്ടാകണം എന്നേ ഈ അവസരത്തില്‍ പറയാനുള്ളൂ. എന്തായാലും കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ ഇത്തരം മഹത്തായ കാര്യങ്ങള്‍ക്ക് ജനങ്ങള്‍ സാക്ഷിയാകേണ്ടിവന്നു. എന്നാല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കുറവോ, മറ്റ് പദ്ധതികളോ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു എന്നുവേണം പറയാന്‍. എന്തായാലും ഇന്‍ഡ്യന്‍ ജനത പ്രതീക്ഷിച്ച രീതിയിലല്ല പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍. അതിന്റെ പ്രതിഫലനമായിരുന്നു ജനങ്ങള്‍ ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചത്. ഇതു പ്രധാനമന്ത്രിയും അതിനെ നയിക്കുന്ന ബി.ജെ.പി.യും ഓര്‍ക്കണം.