സംസ്ഥാനത്ത് കാലംതെറ്റി വന്ന കാലവര്‍ഷം കനത്തനാശം വിതയ്ക്കുന്നു; കൊല്ലത്ത് ഒരു മരണം

single-img
23 August 2014

floods2സംസ്ഥാനത്ത് കാലം തെറ്റി വന്ന കാലവര്‍ഷം കനത്ത നാശം വരുത്തിവയ്ക്കുന്നു. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൊല്ലത്ത് കരവാളൂരില്‍ കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് പുത്തന്‍വീട്ടില്‍ രാധാകൃഷ്ണന്‍ (68) മരിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുകളും കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് മഴ ഏറ്റവും കൂടുകല്‍ നാശം വിതച്ചത്. ഇവിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് മലയോരപ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.

തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയുണെ്ടന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. കേരളതീരത്ത് ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴ ശക്തമാകാന്‍ കാരണം. പലയിടങ്ങളിലും മണ്ണിടിച്ചിലിനു സാധ്യതയുണെ്ടന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. അടിയന്തരസാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. മണിക്കൂറില്‍ 50 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണെ്ടന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.